ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി:ജോലി തേടിയെത്തിയത് പതിനായിരങ്ങള്‍
കണ്ണൂര്‍: കണ്ണൂരില്‍ 122 ഇന്‍ഫന്ററി ബറ്റാലിയന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലിയില്‍ ഇന്നലെ പങ്കെടുക്കാനെത്തിയത് പതിനായിരത്തിലധികം പേര്‍. കേരളം, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിച്ചത്. 31നു വൈകുന്നേരത്തോടെ തന്നെ നിരവധി പേര്‍ കണ്ണൂരിലെത്തിയിയിരുന്നു. ഹോട്ടല്‍ മുറികള്‍ നിറഞ്ഞിരുന്നതിനാല്‍ മിക്കവരും ജില്ലാ ആശുപത്രി പരിസരത്തും കടത്തിണ്ണകളിലും കോട്ടമൈതാനത്തുമായി കഴിച്ചുകൂട്ടി. കുപ്പിവെള്ളം മാത്രമായിരുന്നു മിക്കവരുടെയും ആഹാരം
. ഭക്ഷണം കഴിക്കാതെ പുലര്‍ച്ചെ മുതല്‍ തങ്ങളുടെ ഊഴത്തിനായി കാത്തുനിന്ന ഉദ്യോഗാര്‍ഥികളില്‍ പലരും വെയിലേറിയതോടെ കുഴഞ്ഞുവീണു. റാലിയില്‍ പങ്കെടുത്ത കരുനാഗപ്പള്ളി സ്വദേശി അനിരാജി(21)നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലിസും നന്നേ ബുദ്ധിമുട്ടി. തിരക്ക് കാരണം റാലി നടക്കുന്ന കോട്ടമൈതാനത്തിനു സമീപത്തെ നിരത്തുകളില്‍ ഗതാഗതകുരുക്കും രൂക്ഷമായിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ദാദര്‍, ഗോവ, ഡാമന്‍ദിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവര്‍ക്കായി ഇന്നു കായികക്ഷമതാ പരീക്ഷ നടക്കും. 3, 4 തിയതികളില്‍ മെഡിക്കല്‍ പരിശോധന, രേഖ പരിശോധന, ട്രേഡ് ടെസ്റ്റ്, അഭിമുഖം എന്നിവ നടക്കും. ജനറല്‍ ഡ്യൂട്ടി, വാഷര്‍മാന്‍, ക്ലാര്‍ക്ക്, ഹൗസ്‌കീപ്പര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."