തിരൂര്‍ താഴെപ്പാലത്തെ അമിനിറ്റി സെന്റര്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നു
തിരൂര്‍: താഴെപ്പാലത്തെ അമിനിറ്റി സെന്ററിന് കെട്ടിട നമ്പറിട്ടു നല്‍കാന്‍ ചട്ടം മൂന്ന് സി പ്രകാരം നടപടികളില്‍ ഇളവ് നല്‍കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍.
നിയമസഭയില്‍ സി. മമ്മൂട്ടി എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റെയില്‍വെ, ദേശീയ പാതകള്‍, തുറമുഖങ്ങള്‍, വ്യോമഗതാഗതം, ടെലഗ്രാഫ്, വൈദ്യുത ശ്രൃംഖലകള്‍ എന്നീ സര്‍വിസുകളുടെ പ്രവര്‍ത്തനത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ 1999ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം ഒന്‍പത് പ്രകാരം ഒഴിവാക്കിയിട്ടുണ്ട്. ഈ സേവനങ്ങളുടെ കൂട്ടത്തില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തീകരിച്ച തിരൂരിലെ അമിനിറ്റി സെന്ററിനെയും വിജ്ഞാപനമിറക്കി ഉള്‍പ്പെടുത്താവുന്നതാണെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന വഴിയോര വിശ്രമ കേന്ദ്രത്തെ ചട്ടം ഒന്‍പതിന്റെ പരിധിയില്‍ പരിഗണിക്കുന്നതിന് പകരം കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ ചട്ടം മൂന്ന് സി പ്രകാരമുള്ള ഇളവിന് പരിഗണിക്കാമെന്നും ഇതനുസരിച്ച് കെട്ടിട നമ്പര്‍ നല്‍കാമെന്നുമാണ് ചീഫ് ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കുകയായിരുന്നു. കെട്ടിടത്തിന്റെ അളവുകള്‍ സംബന്ധിച്ച് തിരൂര്‍ നഗരസഭയില്‍ ലഭ്യമായ അളവുകളില്‍ നിന്നും നിര്‍മാണത്തില്‍ വ്യത്യാസമുള്ളതായി ചീഫ് ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ നിയമക്കുരക്കുകള്‍ മറികടന്ന് ചട്ടം മൂന്ന് സി പ്രകാരം ഇളവ് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ മുടക്കി നിര്‍മിച്ച അമിനിറ്റി സെന്റര്‍ മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കെട്ടിടത്തിന് നമ്പറിട്ടു നല്‍കാന്‍ നടപടിയാകാത്തതിനാല്‍ മാസങ്ങളാണ് അമിനിറ്റി സെന്റര്‍ അടഞ്ഞുകിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."