വർഷങ്ങളായി ജോലിയും ശമ്പളവുമില്ല; ലേബർ കോടതി കാരുണ്യത്താൽ 14 ഇന്ത്യക്കാർ നാടണഞ്ഞു
റിയാദ്: 2015 മുതൽ ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ഇന്ത്യക്കാർ ലേബർ കോടതി കാരുണ്യത്താൽ നാടണഞ്ഞു. വര്ഷങ്ങളോളും ജോലിയും കൂലിയുമില്ലാതെ മണലാരുണ്യത്തിൽ ദുരിതത്തിലായ മലയാളികൾ ഉൾപ്പെടെയുള്ള 14 ഇന്ത്യക്കാരാണ് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. കോടതിയുടെ ഇടപെടലിൽ ഇവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും ശമ്പളവും ലഭ്യമായതോടെ ഇവർ ആശ്വാസത്തോടെയാണ് നാട്ടിലേക്ക് തിരിച്ചത്. നാല് വർഷം മുമ്പ് കമ്പനി സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടതോടെയാണ് തൊഴിലാളിക്കുകൾക്ക് ദുരിത ദിനങ്ങൾ വന്നെത്തിയത്.
തലസ്ഥാന നഗരിയായ റിയാദ് അസീസിയയിലെ ഗ്ളാസ് കമ്പനിയിലെ 120 തൊഴിലാളികളാണ് ദുരിതത്തിലായിരുന്നത്. 2015 ൽ സാമ്പത്തിക ഞെരുക്കം ഉടലെടുത്തതോടെ ഇവർ സഹിച്ചു രണ്ടു വർഷം ശമ്പളം ഇല്ലാതെ ജോലിയിൽ തുടർന്നു. എന്നാൽ, 2017 ൽ പ്രതിസന്ധി രൂക്ഷമായ കമ്പനി അടച്ചു പൂട്ടിയതോടെ ഇവരുടെ ദുരിതം പൂർണ്ണമാകുകയായിരുന്നു. തുടർന്ന് ഇവർ കോടതിയെ സമീപിച്ചു . ഇതിനിടയിൽ ഇഖാമ കാലാവധി കഴിഞ്ഞവരിൽ 70 പേർ മറ്റു പല കമ്പനികളിലേക്കും സ്‌പോൺസർഷിപ്പ് മാറി. ഇഖാമ പുതുക്കാൻ സ്‌പോൺസർ തുനിയുന്നില്ലെങ്കിൽ സ്‌പോൺസർഷിപ്പ് മാറാനാകുമെന്നതാണ് ഇവർക്ക് തുണയായത്. ബാക്കിയുള്ളവർ ലേബർ ക്യാമ്പിൽ ദുരിതം അനുഭവിച്ചു വരികയായിരുന്നു. ഇതിനിടെ പലരും പോലീസിൽ അകപ്പെട്ട് നാട് കടത്തപ്പെട്ടിരുന്നു.
അവശേഷിക്കുന്ന 14 പേരാണ് കോടതി കനിവിൽ നാട്ടിലേക്ക് തിരിച്ചത്. ഇതിനിടെ ലേബർ ക്യാമ്പിൽ വൈദ്യുതിയും വെള്ളവുമില്ലാതെ നരക ജീവിതമായിരുന്നു. ഏതാനും മനുഷ്യ സ്നേഹികളും സാമൂഹ്യ പ്രവർത്തകരും ഇവർക്ക് അനുയോജ്യമായ താമസ സ്ഥലം ഏർപ്പെടുത്തി ഭക്ഷണവും എത്തിച്ചു നൽകിയിരുന്നു. തൃശൂർ എം എൽ എ ടി എൻ പ്രതാപൻ വിഷയത്തിൽ ഇടപെട്ടതോടെ കൂടുതൽ പേർ സഹായത്തിനായി രംഗത്തെത്തിയിരുന്നു. മലയാളികളിൽ അഞ്ചു പേരും തൃശൂർ സ്വദേശികളായിരുന്നു ബാക്കിയുള്ള ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലുള്ള പലരും പ്രായാധിക്യം മൂലവും ശാരീരിക അവശത മൂലവും ഏറെ ക്ഷീണിതനായിരുന്നു .
പതിനാലു പേരുൾപ്പെടെ മുഴുവൻ തൊഴിലാളികൾക്കും കമ്പനി അടച്ചു പൂട്ടിയത് വരെയുള്ള ശമ്പളവും മുഴുവൻ ആനുകൂല്യങ്ങളും നൽകണമെന്നായിരുന്നു കോടതി വിധി. ഇതെല്ലം ലഭിച്ച ശേഷമാണ് എംബസി സഹായത്തോടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടവരടക്കമുള്ള ഇന്ത്യക്കാർ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, നേവൽ ഗുരുവായൂർ എന്നിവരാണ് തുടക്കം മുതൽ തൊഴിലാളികളുടെ സഹായത്തിനായി രംഗത്തുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."