സഊദി-ഖത്തര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നു; ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിന് സഊദി രാജാവിന്റെ ക്ഷണം
ജിദ്ദ: റിയാദില്‍ നടക്കുന്ന 40ാം് ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിന് സഊദി രാജാവിന്റെ ക്ഷണം. റിയാദ് ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിലേക്കാണ് ക്ഷണം. ഈ മാസം പത്തിനു റിയാദില്‍ നടക്കുന്ന സുപ്രിം കൗണ്‍സിലില്‍ പങ്കെടുക്കാനാണ് രാജാവ് ഖത്തര്‍ അമീറിനെ നേരിട്ട് ക്ഷണിച്ചത്. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി അമീറിനുള്ള ക്ഷണപത്രം സ്വീകരിച്ചു.
അതേ സമയം സഊദിയുടെ ക്ഷണം ഖത്തര്‍ സ്വീകരിച്ചോ എന്നതില്‍ വ്യക്തതയില്ല. സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍. ഇറാനുമായി ചേര്‍ന്ന് തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നു എന്ന് ആരോപിച്ച് രണ്ടു വര്‍ഷമായി ഖത്തറിനെ ഉപരോധിക്കുകയാണ് സഊദി. യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് രാഷ്ട്രങ്ങള്‍. ഈ രാജ്യങ്ങളുടെ വ്യോമപാതകളില്‍ ഖത്തര്‍ വിമാനങ്ങള്‍ക്ക് നിരോധനമുണ്ട്. എന്നാല്‍ എല്ലാ ആരോപണങ്ങളും ഖത്തര്‍ നിഷേധിക്കുകയാണ്. സല്‍മാന്‍ രാജാവില്‍ നിന്നുള്ള ലിഖിത സന്ദേശം ലഭിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സഊദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ് റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ജി.സി.സിയിലുള്ളത്. അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെയും രാഷ്ട്ര ത്തലവന്‍മാരുടെയും യോഗങ്ങള്‍ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കും. ഒരു വര്‍ഷത്തേക്ക് മേഖലയില്‍ നടപ്പാക്കേണ്ട തീരുമാനം ഉച്ചകോടി കൈകൊള്ളും. ഖത്തറും സഊദി സഖ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് പൊതുവേ യുള്ള വിലയിരുത്തല്‍. അതിനിടെ ഖത്തര്‍ വിദേശകാര്യ മന്ത്രി സഊദിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, ഖത്തറില്‍ നടന്ന ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ സഊദി സഖ്യരാജ്യങ്ങള്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."