കല്ലാച്ചി ജ്വല്ലറി കവര്‍ച്ച: അന്വേഷണം ഊര്‍ജിതം
നാദാപുരം: വളയം റോഡിലെ റിന്‍സി ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച ഏറെ ഗൃഹപാഠങ്ങള്‍ക്ക് ശേഷം നടത്തിയതെന്ന് വ്യക്തം.
രാത്രി ആയാല്‍ ആളൊഴിയുന്ന ഇവിടം ഏറെ വിജനമായിരിക്കും. സ്ഥലത്തെ കുറിച്ചും കെട്ടിടത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറേ പഴക്കമുള്ള കെട്ടിടത്തില്‍ രണ്ടു മാസം മുന്‍പാണ് ജ്വല്ലറി ആരംഭിക്കുന്നത്. അകത്ത് ലോക്കര്‍ സുരക്ഷ സംവിധാനം ഒരുക്കിയിരുന്നു.
എന്നാല്‍ പുറം ചുമരില്‍ സിമന്റ് പോലും പതിക്കാതെ അടുക്കി വച്ച കല്ലുകള്‍ കവര്‍ച്ചക്കാര്‍ ഇരുമ്പ് പാര ഉപയോഗിച്ച് അനായാസം നീക്കി അകത്തേക്ക് കയറുകയായിരുന്നു. ഫര്‍ണിച്ചറുകള്‍ക്കടിയില്‍ സ്വര്‍ണമുണ്ടോ എന്നറിയാന്‍ ഇവ പോലും തല്ലിത്തകര്‍ത്താണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. പ്രതികളെ കണ്ടെത്താന്‍ പഴുതടച്ച അന്വേഷണമാണ് പൊലിസ് നടത്തുന്നത്. സ്ഥലത്തുനിന്നു വിരലടയാളവും മറ്റു തെളിവുകളും പൊലിസ് ശേഖരിച്ചു.
കേസ് അന്വേഷണത്തിന് പത്തംഗ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. സമീപത്ത് സി.സി.ടി.വി സംവിധാനം ഇല്ലാത്തതിനാല്‍ പ്രധാന കവലകളിലെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍, സ്ഥിരം കുറ്റവാളികള്‍ എന്നിവരുടെ പങ്കും പൊലിസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയുണ്ടായ കവര്‍ച്ചയില്‍ ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം, അഞ്ചു കിലോ വെള്ളിയാഭരണം, മൂന്നര ലക്ഷം രൂപ എന്നിവയാണ് നഷ്ടമായത്. വാണിമേല്‍ റോഡിലെ പഴം കൂട്ടത്തില്‍ കേളുവിന്റേതാണ് ജ്വല്ലറി. നേരത്തെ മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജ്വല്ലറി രണ്ടു മാസം മുന്‍പാണ് നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."