കലാലയ രാഷ്ട്രീയം നിയമമാക്കിയാല്‍ കോടതിയില്‍ ചോദ്യം ചെയ്യും: കെ.സി.ബി.സി
കൊച്ചി: കലാലയ രാഷ്ട്രീയം നിയമമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷന്‍. നിയമം ബില്ലാക്കുന്നത് തടയാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.
കലാലയങ്ങളില്‍നിന്ന് പടിയിറങ്ങിയ വിദ്യാര്‍ഥി രാഷ്ട്രീയം തിരിച്ചു വരുന്നതിന് നിയമപരിരക്ഷ നല്‍കുന്ന പുതിയ നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ഉല്‍ക്കണ്ഠാജനകമാണ്. കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള നിരവധിയായ കോടതി ഉത്തരവുകളെ മറികടക്കുവാന്‍ വേണ്ടി നടത്തുന്ന ഈ നിയമനിര്‍മാണം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി. വിദ്യാഭ്യാസകമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ 2016 മുതലുള്ള നിയമനങ്ങള്‍ക്ക് അംഗീകാരമില്ലാതെ നൂറുകണക്കിന് അധ്യാപകര്‍ നാല് വര്‍ഷമായി പ്രതിഫലമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു. ഈ അധ്യാപകരുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ജനുവരി 17, 18 തിയതികളില്‍ തൊടുപുഴയില്‍ സംസ്ഥാനതലത്തിലുള്ള അധ്യാപക സംഗമം വിളിച്ചു കൂട്ടും. സംസ്ഥാനത്തെ 33 രൂപതകളില്‍നിന്നുള്ള ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വം നല്‍കുന്ന സംഗമത്തില്‍ മതമേലധ്യക്ഷന്മാരും, രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസരംഗത്തെ പ്രമുഖരും പങ്കെടുക്കും.
സര്‍ക്കാര്‍ നിലപാടില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരി അഞ്ചിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ അധ്യാപകരും വിദ്യാഭ്യാസപ്രവര്‍ത്തകരും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.
അറബിക്കടലില്‍ പവാന്‍, അംബാന്‍
ചുഴലിക്കാറ്റുകള്‍; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദങ്ങള്‍ ശക്തിയാര്‍ജിച്ച് പവാന്‍, അംബാന്‍ ചുഴലിക്കാറ്റുകളായി മാറിയ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
മധ്യകിഴക്ക് അറബിക്കടല്‍, തെക്കുപടിഞ്ഞാറ് അറബിക്കടല്‍ ഭാഗങ്ങളിലായാണ് ചുഴലിക്കാറ്റുകള്‍ രൂപം കൊണ്ടത്. ആദ്യത്തേത് 48 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ തീരത്തു നിന്ന് അകന്ന് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് പോകും. രണ്ടാമത്തേത് മൂന്നു ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറ് ദിശയില്‍ സൊമാലിയ തീരത്തേക്ക് സഞ്ചരിക്കുമെന്നുമാണ് പ്രവചനം.
അറബിക്കടലില്‍ കാറ്റിന്റെ വേഗത 80 കി.മീ വരെയാകാന്‍ സാധ്യതയുണ്ട്.
കേരള, കര്‍ണാടക, മഹാരാഷ്ട്ര തീരങ്ങളില്‍ കടല്‍ അത്യന്തം പ്രക്ഷുബ്ധമായിരിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഈയാഴ്ച കേരളത്തില്‍ മഴ മുന്നറിയിപ്പുകളില്ല.
ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ തോതിലുള്ള മഴക്ക് സാധ്യതയുണ്ടെന്നതല്ലാതെ ഇപ്പോഴത്തെ ചുഴലിക്കാറ്റുകള്‍ ശക്തമായ മഴയ്ക്ക് കാരണമാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."