കിടപ്പാടം സ്വന്തമാകാന്‍ ഇനിയെന്ത് ചെയ്യണം ..?
ചെറുവത്തൂര്‍: വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയം കിട്ടാത്തതിനാല്‍ ദുരിതങ്ങളില്‍ മുങ്ങി നിരവധി കുടുംബങ്ങള്‍. ചെറുവത്തൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പുഴ പുറംപോക്കില്‍ താമസിക്കുന്ന 85 ഓളം കുടുംബങ്ങളാണ് പട്ടയം ലഭിക്കാത്തതിനാല്‍ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നത്. 35 വര്‍ഷത്തോളമായി 85ഓളം കുടുംബങ്ങളാണ് ഇവിടെ കുടില്‍ കെട്ടി താമസിക്കുന്നത്. 2010ല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പുറംപോക്കില്‍ താമസിക്കുന്ന 205 പേര്‍ക്ക് കലക്ടറുടെ നേതൃത്വത്തില്‍ പട്ടയം അനുവദിച്ച് നല്‍കിയിരുന്നെങ്കിലും ചെറുവത്തൂര്‍ പഞ്ചായത്തിലെ കുടുംബങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു. അന്ന് 71 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബങ്ങളെല്ലാം നിരാശരായി. ഒരാള്‍ക്ക് പോലും പട്ടയം ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് കലക്ടര്‍ക്ക് നിവേദനം നല്കി. തുടര്‍ന്ന് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും കൈതക്കാട്, കാവുഞ്ചിറ, തുരുത്തി, ഓര്‍ക്കുളം, അച്ചാംതുരുത്തി എന്നീ പ്രദേശങ്ങളിലെ 67 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു. പട്ടയം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും തന്നെ ഇവര്‍ക്ക് ലഭിക്കുന്നില്ല. പലര്‍ക്കും റേഷന്‍കാര്‍ഡും ഇല്ല. വൈദ്യുതി പോലും ലഭിക്കാത്ത ഓലമേഞ്ഞ വീടുകളിലാണ് മിക്ക കുടുംബങ്ങളും കഴിയുന്നത്. പോകാന്‍ മറ്റൊരിടമില്ലാത്തവരാണ് എല്ലാവരും. വര്‍ഷങ്ങളായി താമസിക്കുന്ന കിടപ്പാടം സ്വന്തമാകാന്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് കൂലിത്തൊഴിലെടുത്തു കുടുംബം പുലര്‍ത്തുന്ന പാവങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."