സഭാതര്‍ക്കത്തില്‍ മധ്യസ്ഥത വേണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ
കൊച്ചി: ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളി വിഷയത്തില്‍ മറ്റ് ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാര്‍ മുന്നോട്ടുവച്ച മധ്യസ്ഥ ശ്രമങ്ങളെ തള്ളി ഓര്‍ത്തഡോക്‌സ് സഭ. സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് ചര്‍ച്ചകളുടെ ആവശ്യമില്ല.
മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യമില്ലെന്ന് അറിയിച്ച് മറ്റ് സഭാ മേലധ്യക്ഷന്മാരുടെ കത്തിന് മറുപടി നല്‍കുമെന്നും ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കതോലിക്കാ ബാവാ പറഞ്ഞു.
ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച സഹന സമരം വഞ്ചി സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പള്ളിത്തര്‍ക്കം ഇനിയും ചര്‍ച്ച ചെയ്യുന്നത് സങ്കടകരമായ അവസ്ഥയാണ്. ഓര്‍ത്തഡോക്‌സ് സഭ മറ്റു സഭകളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ല. രാജ്യത്തിന്റെ നിയമം ബാധകമല്ലെന്നു പറയുന്നത് അപകടകരമായ അവസ്ഥയാണ്.
കോതമംഗലം പള്ളി വിഷയത്തില്‍ കോടതി വിധി അനുസരിക്കാതെ യാക്കോബായ വിഭാഗം അരാജകത്വം സൃഷ്ടിക്കുകയാണെന്നും പള്ളി തര്‍ക്ക വിഷയത്തില്‍ സര്‍ക്കാരിന് അനങ്ങാപ്പാറ നയമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പള്ളി തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയും യാക്കോബായ വിഭാഗം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സഹന സമരം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."