കാലിത്തീറ്റയ്ക്ക് 'പൊന്‍പുല്ല് '
കൊണ്ടോട്ടി: ഗ്രാമങ്ങളില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് ആവശ്യമായ പുല്ല് ലഭ്യമല്ലാത്തതിനാല്‍ ക്ഷീരവികസന വകുപ്പ് തീറ്റപ്പുല്‍ കൃഷിക്ക് മാത്രമായി ഈ വര്‍ഷം ചെലവിടുന്നത് 7.6 കോടി.
ഗ്രാമങ്ങളും നഗരവല്‍കരിച്ചു തുടങ്ങിയതോടെയാണ് ഗ്രാമവിശുദ്ധിയുടെ പുല്‍മേടുകളില്ലാതായത്.
ഇതോടെയാണ് വളര്‍ത്തു മൃഗങ്ങളുടെ തീറ്റയ്ക്ക് കര്‍ഷകരെ സഹായിക്കാനായി മാത്രം സര്‍ക്കാരിന് 7.6 കോടി വരെ ചെലവിടേണ്ടിവരുന്നത്.
വിവിധ രീതിയില്‍ തീറ്റപ്പുല്ല് കൃഷി ചെയ്യുന്നതിനാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. 20 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് പുല്‍കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 21,500 രൂപയാണ് സഹായം നല്‍കുന്നത്. ക്ഷീര സംഘങ്ങള്‍ മുഖേന പുരുഷ, വനിതാ സ്വാശ്രയ ഗ്രൂപ്പുകള്‍ രൂപീകരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി നടത്തുന്നതിനും ഉല്‍പ്പാദിപ്പിക്കുന്ന പുല്ല് കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുന്നതിനുമുള്ള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
ഇതിനായി ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് 75,000 രൂപ ധനസഹായമാണ് നല്‍കുന്നത്. സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും തരിശായ ഭുമിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പുല്‍കൃഷി നടത്താനും സഹായം നല്‍കുന്നു. ഒരു ഹെക്ടറിന് 93.000 രൂപയാണ് സഹായം നല്‍കുന്നത്.
ഹ്രസ്വകാല വിളകളായ ചോളം, മണിച്ചോളം, വന്‍പയര്‍ എന്നിവ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് വിത്ത് സൗജന്യമായി നല്‍കും. തീറ്റപ്പുല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പുല്ല് അരിഞ്ഞെടുക്കാന്‍ കട്ടര്‍, ജലസേചനത്തിനായി മോട്ടോര്‍ എന്നിവ വാങ്ങുന്നതിന് 10,000 രൂപ വരെ ധനസഹായം നല്‍കുന്നുണ്ട്.
കാലിത്തീറ്റ വിളകളായി ഉപയോഗിക്കുന്ന വൃക്ഷവിളകളായ അഗത്തി, ശീമക്കൊന്ന, സുബാബൂള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നതിനും അസോള കൃഷിക്കുമുള്ളവയ്ക്കും ധനസഹായവും ഈ ഫണ്ടില്‍നിന്നാണ് നല്‍കുന്നത്.
ഗ്രാമങ്ങളില്‍ പുല്‍മേടുകളില്ലാതായതാണ് വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണം ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഇതോടെയാണ് കാലികളുടെ തീറ്റക്കായി മാത്രം പുല്ല് കൃഷി ചെയ്യുന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. മുന്‍വര്‍ഷങ്ങളില്‍ നാമമാത്രമായ ഫണ്ടാണ് ഇതിനായി നല്‍കിയിരുന്നത്. എന്നാല്‍ ഈവര്‍ഷം 7.6 കോടിയാണ് തീറ്റപ്പുല്ലിനായി മാത്രം ചെലവഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."