'ശിവയെ' കോടനാട് ആനവളര്‍ത്തു കേന്ദ്രത്തിലേക്ക് മാറ്റും
ഇരിട്ടി: ആറളം ഫാമില്‍ വനം വകുപ്പ് പിടികൂടി കൂട്ടിലടച്ച ചുള്ളിക്കൊമ്പനെ കോടനാട് ആനവളര്‍ത്തു കേന്ദ്രത്തിലേക്ക് മാറ്റാന്‍ വനം വകുപ്പ് നീക്കമാരംഭിച്ചു. ഇതിനായുള്ള ഉത്തരവ് വനം വകുപ്പ് ആറളം വന്യജീവി സങ്കേതം അധികൃതര്‍ക്ക് നല്‍കിക്കഴിഞ്ഞു.
ആറളത്തു നിന്നും കോടനാട്ടേക്ക് കൊണ്ടുപോകുന്ന ആനയുടെ കൂടെ മയക്കുവെടി വിദഗ്ദന്‍ കൂടിയായ മൃഗ ഡോക്ടര്‍ അരുണ്‍ സക്കറിയ പോകേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സമയമനുസരിച്ചായിരിക്കും ആനയെ കോടനാട്ടേക്ക് കൊണ്ടുപോവുക.
ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയില്‍ നിത്യ ശല്യക്കാരനും നാലോളം പേരെ കൊലപ്പെടുത്തുകയും ചെയ്ത ചുള്ളിക്കൊമ്പനെ കഴിഞ്ഞ മെയ് 20നാണ് വനം വകുപ്പ് അതി സാഹസികമായി കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി കൂട്ടിലടച്ചത്.
വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം ജില്ലയിലെ മുഴുവന്‍ വനം വകുപ്പ് ജീവനക്കാരും അണിനിരന്ന ഒരു സാഹസിക പ്രവര്‍ത്തി ആയിരുന്നു അത്.
പിടികൂടുമ്പോഴും കൂട്ടിലടച്ചപ്പോഴും ആനയുടെ ശക്തിയും പരാക്രമങ്ങളും വനം വകുപ്പ് അധികൃതരെ അല്‍ഭുതപ്പെടുത്തിയിരുന്നു.
നിരവധി തവണയാണ് ആന യൂക്കാലിപ്റ്റസ് മരങ്ങള്‍ കൊണ്ട് തീര്‍ത്ത കൂടിന്റെ അഴികള്‍ തകര്‍ത്തത്. എന്നാല്‍ 20 ദിവസത്തിനകം ആന ശാന്ത ശീലനാവുകയും വനം വകുപ്പ് പ്രത്യേകം തയാറാക്കി നല്‍കിയ ചോറടക്കമുള്ള ഭക്ഷണം കഴിക്കാനും തുടങ്ങി.
വനം വകുപ്പ് മന്ത്രി കെ. രാജു കഴിഞ്ഞമാസം ആറളം വന്യജീവി സങ്കേതത്തിലെത്തി ആനയ്ക്ക് ശിവ എന്ന് നാമകരണം ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."