മാനന്തവാടി-മൈസൂര്‍ റോഡിലെ നടുവൊടിക്കും യാത്രക്ക് പരിഹാരമാകുന്നു
മാനന്തവാടി: അന്തര്‍ സംസ്ഥാന പാതയായ മാനന്തവാടി-മൈസൂര്‍ റോഡിലെ ദുരിതയാത്രക്ക് അറുതിയാകുന്നു.
റോഡിലെ മുഴുവന്‍ കുഴികളുമടച്ച് പൂര്‍ണ ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ കരാര്‍ നല്‍കി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ടെക് എന്ന സ്ഥാപനമാണ് മൂന്ന് കോടിയുടെ പ്രവൃത്തികളേറ്റെടുത്തിരിക്കുന്നത്. നേരത്തെ രണ്ട് തവണ ടെണ്ടര്‍ വെച്ചിരുന്നെങ്കിലും ഏറ്റെടുക്കാനാളില്ലാത്തിനാല്‍ ഒ.ആര്‍ കേളു എം.എല്‍.എ ഇടപെട്ട് റീടെണ്ടര്‍ വെച്ചാണ് കരാര്‍ നല്‍കിയത്. ടൗണിലെ പെട്രോള്‍ പമ്പ് മുതല്‍ കാട്ടിക്കുളം 54 വരെയുള്ള ഭാഗങ്ങള്‍ പൂര്‍ണമായും റീടാറിങ് നടത്തി നവീകരിക്കും. ബാക്കി വരുന്ന ബാവലി വരെയുള്ള ഭാഗങ്ങള്‍ കുഴികളടച്ച് ഗതാഗതയോഗ്യമാക്കുകയാണ് ചെയ്യുക. മാനന്തവാടി-മൈസൂരു റോഡ് ജങ്ഷന്‍ മുതല്‍ തന്നെ റോഡ് പാടേ തകര്‍ന്ന് കിടക്കുകയാണ്. ചെറ്റപ്പാലം, വിന്‍സെന്റ് ഗിരി, പള്ളിത്താഴെ, കാട്ടിക്കുളം 54 എന്നിവിടങ്ങളിലെല്ലാം റോഡില്‍ വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിലൂടെ കാല്‍നടക്കാര്‍ക്കു പോലും കടന്നുപോകാന്‍ പ്രയാസമാണെന്ന അവസ്ഥയാണ് നിലവിലുള്ളത്. ദേശീയ പാതയിലും മാനന്തവാടി ബാവലി വഴിയുള്ള മൈസൂരു റോഡിലും രാത്രിയാത്രാ നിരോധനമുള്ളതിനാല്‍ രാത്രിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ ഇത് വഴിയാണ് കടന്നു പോവേണ്ടത്. കര്‍ണാടകയിലേക്കുള്ള രാത്രി ഗതാഗതം സാധ്യമായ ഏക റോഡാണ് മാസങ്ങളായി തകര്‍ന്ന് കിടന്നത്. അടുത്ത ദിവസം തന്നെ പ്രവൃത്തികള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."