കാലാവധിക്കു മുന്‍പ് ഇരിട്ടിപാലം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഴ
ഇരിട്ടി: ഇരിട്ടിയില്‍ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ പൈലിങ് കനത്തമഴയില്‍ പുഴയിലെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയ സംഭവത്തില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉന്നതതലസംഘം സ്ഥലം സന്ദര്‍ശിച്ചു. കാലാവധി അവസാനിക്കുന്ന 2018 ഡിസംബറിന് മുമ്പ് പാലം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഴ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് കമ്പനി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
നിര്‍മാണ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ നല്‍കിയ വിശദീകരണത്തിലും നിര്‍മാണ പ്രവൃത്തിയിലും പൊതുമരാമത്തു അധികൃതര്‍ അതൃപ്തി രേഖപ്പെടുത്തി. പുഴയുടെ സ്വഭാവം കണക്കിലാക്കാതെയുള്ള പ്രവൃത്തിയാണ് പൈലിങും അനുബന്ധ ഉപകരണങ്ങളും ഒഴുകിപ്പോകാനിടയാക്കിയതെന്ന് ഉന്നതതല സംഘം കണ്ടെത്തി. ഉടന്‍ തന്നെ ഐ.ഐ.ടിയുടേയും ലോകബാങ്കിന്റെയും വിദഗ്ധ സംഘത്തെ എത്തിച്ച് വ്യക്തമായ രൂപരേഖ തയാറാക്കി എത്രയും പെട്ടെന്ന് നിര്‍മാണം പുനരാരംഭിക്കണമെന്ന് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, പ്രൊജക്ട് ഡയരക്ടര്‍ അജിത്ത് പാട്ടീല്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘം കൂട്ടുപുഴയില്‍ പാലം നിര്‍മിക്കേണ്ട സ്ഥലവും സന്ദര്‍ശിച്ചു. പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത് നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."