യു.എസ് ഉയിഗൂര്‍ ബില്‍ പാസാക്കി; വലിയ വില കൊടുക്കേണ്ടിവരുമെന്ന് ചൈന
വാഷിങ്ടണ്‍: ചൈനയിലെ മതന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ചുമത്തുന്ന ബില്‍ യു.എസ് പ്രതിനിധിസഭ പാസാക്കി. ഉയിഗൂര്‍ നിയമം-2019 എന്നു പേരുള്ള ബില്‍ ചൈനയിലെ സിന്‍ജിയാങ്ങില്‍ 10 ലക്ഷത്തിലേറെ മുസ്‌ലിംകളെ തൊഴില്‍വിദ്യാ കേന്ദ്രങ്ങളെന്ന പേരിലുള്ള തടവറകളിലിട്ട് പീഡിപ്പിക്കുന്നതിനെ അപലപിച്ചു. വന്‍ ഭൂരിപക്ഷം വോട്ടുകളുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്.
ചൈന-യു.എസ് വ്യാപാരകരാറിന് സാധ്യത തെളിയുന്നതിനിടെ ഉയിഗൂര്‍ ബില്‍ യു.എസ് പാസാക്കിയത് ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. യു.എസ് ഇതിന് വന്‍ വില നല്‍കേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചന്‍യിങ് പ്രതികരിച്ചു. നേരത്തെ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ബില്ലും യു.എസ് പ്രതിനിധിസഭ പാസാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് യു.എസ് യുദ്ധക്കപ്പലുകളെ ഹോങ്കോങ്ങ് സന്ദര്‍ശിക്കുന്നതില്‍നിന്ന് വിലക്കിയ ചൈന യു.എസ് എന്‍.ജി.ഒകള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഉയിഗൂറുകളെ ചൈന മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച് അടിച്ചമര്‍ത്തുകയാണെന്ന് യു.എസ് ജനപ്രതിനിധികള്‍ കുറ്റപ്പെടുത്തി.
ബില്‍ അനുസരിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവായ ചെന്‍ ഖ്വാന്‍ഗോ ഉള്‍പ്പെടെ ഉയിഗൂര്‍ നയത്തിനു പിന്നിലുള്ള ഉന്നത ചൈനീസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ യു.എസ് ഉപരോധമേര്‍പ്പെടുത്തും. ചൈനയില്‍ നടക്കുന്നതെന്തെന്ന് അമേരിക്ക വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്പീക്കര്‍ നാന്‍സ് പെലോസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."