ദേശീയപാത: 30 മീറ്ററില്‍ ആറുവരിപ്പാത പരിഗണിക്കണം
തേഞ്ഞിപ്പലം: ദേശീയപാത വികസനം അനിവാര്യമാണെന്നും ഗുരുതരമായ രീതിയിലുള്ള കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കുവാന്‍ സാധ്യമെങ്കില്‍ 30 മീറ്ററില്‍ ആറുവരിപ്പാത പരിഗണിക്കണമെന്നും ചേലേമ്പ്ര പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെയും യോഗം ആവശ്യപ്പെട്ടു.
45 മീറ്റര്‍ സ്ഥലമെടുപ്പ് ചേലേമ്പ്ര പഞ്ചായത്തില്‍ മാത്രം 91 കുടുംബങ്ങളിലെ ആയിരത്തോളം പേരെ കുടിയിറക്കി വിടുമെന്ന കണ്ടെത്തല്‍ ഗൗരവമുള്ളതാണെന്ന് വിഷയാവതരണം നടത്തിയ ദേശീയപാത സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ഡോ. ആസാദ് പറഞ്ഞു. 1200 ഓളം പേരുടെ തൊഴിലിനേയും ഇത് ബാധിക്കും. ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരല്ല, ബി.ഒ.ടി ചുങ്കപ്പാതയുടെ യഥാര്‍ഥ ഇരകള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. ഇടിമുഴിക്കല്‍ എ.എം.എല്‍.പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് അധ്യക്ഷനായി. ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുല്ലൈസ് തേഞ്ഞിപ്പലം, പി.കെ പ്രദീപ് മേനോന്‍, ബ്ലോക്ക് മെമ്പര്‍മാരായ കെ.പി അമീര്‍, ജമീല മാന്ത്രമ്മല്‍, വാര്‍ഡ് അംഗം ബീന, മുന്‍ പ്രസിഡന്റുമാരായ സി.പി ശബീറലി, അമ്പായത്തിങ്ങല്‍ അബൂബക്കര്‍, അണ്ടിശ്ശേരി നാരായണന്‍ (സി.പി.എം), ഹുസൈന്‍ കാക്കഞ്ചേരി(കോണ്‍ഗ്രസ്), എ അഹമ്മദ് കുട്ടി (സി.പി.ഐ), എം.വി അബ്ദുല്ല(ലീഗ്), കെ.പി രഘുനാഥ്(എന്‍.സി.പി), ഉണ്ണി അണ്ടിശ്ശേരി (ജനതാദള്‍), കെ.വി ഷാജി(വിവരാവകാശ പ്രവര്‍ത്തകന്‍), കെ ബാലകൃഷ്ണന്‍(കാക്കഞ്ചേരി സമരസമിതി), ശ്രീധരന്‍ കാക്കഞ്ചേരി, കെ.പി പോള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."