അട്ടപ്പാടി ആദിവാസി സാക്ഷരതാതുല്യതാ പദ്ധതി; രണ്ടാം ഘട്ടത്തില്‍ 5000 പേരെ പങ്കാളികളാക്കുമെന്ന്
പാലക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേ നേതൃത്വത്തില്‍ നടക്കുന്ന അട്ടപ്പാടി ആദിവാസി സാക്ഷരതാ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 5000 പേരെ തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കും. ഇതിനായി 192 ഊരുകളില്‍ പഠനകേന്ദ്രം ആരംഭിച്ച് രണ്ട് വീതം ഇന്‍സ്ട്രക്ടര്‍മാരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കും. തുടര്‍ന്ന് സര്‍വെ നടത്തി പഠിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കും. ഇന്‍സ്ട്രക്ടര്‍മാരുടെ പരിശീലനത്തിന് ശേഷം സെപ്റ്റംബര്‍ 20ന് ക്ലാസുകള്‍ തുടങ്ങും. ഇതിന്റെ ഭാഗമായി പഞ്ചായത്ത്തല സംഘാടകസമിതികള്‍ അഗളി, ഷോളയൂര്‍, പുതൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ യഥാക്രമം ഓഗസ്റ്റ് 17, 18, 19 തീയതികളില്‍ യോഗം ചേരാനും സര്‍വെ വൊളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചു.
അഗളി ഗ്രാമപഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ബിനുമോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ആദിവാസി സാക്ഷരതാ പ്രൊജക്ട് കോഡിനേറ്റര്‍ പി. പ്രശാന്ത്കുമാര്‍ കര്‍മപദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ. നാരായണദാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ വിവിധ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, ജില്ലാ സാക്ഷരതാമിഷന്‍ കോഡിനേറ്റര്‍ സജി തോമസ്, അസി.കോഡിനേറ്റര്‍മാരായ ബി. സജീഷ്, ബി. രാധാകൃഷ്ണന്‍, ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ സിജു മാത്യു, പേരൂര്‍ രാജഗോപാലന്‍, ടി.സി ഏലിയാമ്മ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണും ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങള്‍, ബി.ഡി.ഒ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രേരക്മാര്‍, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, ആദിവാസി ക്ഷേമസമിതികളുടെ ഭാരവാഹികളുടെ പ്രതിനിധികള്‍, എസ്.ടി.പ്രൊമോട്ടര്‍മാര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഗ്രന്ഥശാലകളുടെ ഭാരവാഹികള്‍, സ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഡയറ്റ് പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന 501 അംഗ ജനറല്‍ കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."