ഗുണഭോക്തൃ വിഹിതം പിരിച്ചെടുക്കാനുള്ള അധികചുമതലയും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക്
കൊടുങ്ങല്ലൂര്‍: ഗ്രാമ പഞ്ചായത്തുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഭോക്തൃ വിഹിതം പിരിച്ചെടുക്കേണ്ട ചുമതലയില്‍ നിന്ന് നിര്‍വഹണ ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം അധികഭാരം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക്. ഇതു വരെ പദ്ധതികളുടെ ഗുണഭോക്തൃവിഹിതം പിരിച്ചെടുക്കേണ്ട ചുമതല അതത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കായിരുന്നു. എന്നാല്‍ പുറമെ നിന്നുള്ളള ഒരു സംഘടനയുടെ നിവേദനത്തിന്റെ പേരില്‍ ഈ രീതി മാറ്റിമറിച്ചു കൊണ്ട് പഞ്ചായത്ത് ഡയരക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് ഒഫിസുകള്‍ ജോലിഭാരത്താല്‍ വീര്‍പ്പു മുട്ടുന്ന സമയത്താണ് ജോലി ഭാരം വളരെ കുറവായ ഓഫിസുകളിലെ ജോലികള്‍ കൂടി ഗ്രാമപഞ്ചായത്ത് ഓഫിസുകളിലെ പരിമിതമായ ജീവനക്കാര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
ഈ നിര്‍ദ്ദേശം കൊണ്ട് ഗുണഭോക്താക്കള്‍ക്ക് ഗുണമൊന്നുമില്ലെന്നു മാത്രമല്ല, ഗുണഭോക്തൃവിഹിതമടയ്ക്കുന്നതിനു വേണ്ടി നെട്ടോട്ടമോടേണ്ടി വരികയും ചെയ്യും. ഗുണഭോക്തൃ വിഹിതം അടയ്ക്കുന്നതിനുള്ള കുറിപ്പിനായി ആദ്യം നിര്‍വഹണ ഉദ്യോഗസ്ഥന്റെ ഓഫിസില്‍ പോകണം. പിന്നീട് പണമടയ്ക്കാന്‍ പഞ്ചായത്ത് ഓഫിസില്‍ എത്തണം. പണമടച്ചതിന് ശേഷം അക്കാര്യമറിയിക്കാന്‍ വീണ്ടും നിര്‍വഹണ ഉദ്യോഗസ്ഥന്റെ ഓഫിസില്‍ ഹാജരാകണം. ഇങ്ങനെ ഒരു കാര്യത്തിനു വേണ്ടി പലകുറി സര്‍ക്കാര്‍ ഓഫിസ് കയറിയിറങ്ങേണ്ടി വരുന്നതു മാത്രം മിച്ചം.
ഗുണഭോക്തൃ വിഹിതം അതത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ നേരിട്ട് സ്വീകരിച്ച് രശീതി നല്‍കണമെന്നും തുക ഒന്നിച്ച് പഞ്ചായത്ത് ഓഫിസില്‍ അടയ്ക്കണമെന്നുമാണ് പഞ്ചായത്ത് അക്കൗണ്ട് റൂള്‍ നിഷ്‌കര്‍ഷിക്കുന്നത്. ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിനും, പഞ്ചായത്തുകളില്‍ നിന്ന് ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ക്ക് കാലതാമസം ഉണ്ടാക്കുന്നതിനും മാത്രമേ ഇത്തരം നിര്‍ദ്ദേശങ്ങള്‍ കൊണ്ട് ഉപകരിക്കുകയുള്ളുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."