തിരുവെങ്കിടം റെയില്‍വേ അടിപ്പാത: പ്രക്ഷോഭവുമായി ആക്ഷന്‍ കൗണ്‍സില്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം നീളം കൂട്ടിയപ്പോള്‍ അടഞ്ഞു പോയ ഗുരുവായൂര്‍ തിരുവെങ്കിടം റോഡിന്റെ സ്ഥാനത്ത് റെയില്‍വെ അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ പ്രക്ഷോഭ പരിപാടികളുമായി ആക്ഷന്‍ കൗണ്‍സില്‍.
റെയില്‍വെ അടിപ്പാത എന്ന പ്രദേശത്തെ ജനങ്ങളുടെ ആവശ്യത്തിനെതിരെ അധികാരികള്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നത് അവസാനിപ്പിച്ച് ഗുരുവായൂര്‍, തിരുവെങ്കിടം, ഇരിങ്ങപ്രം മേഘലകളിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന തിരുവെങ്കിടം റെയില്‍വെ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ബ്രദേഴ്‌സ് ക്ലബ് നേതൃത്വം നല്‍കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച്ച പ്രതിഷേധ മനുഷ്യചങ്ങല തീര്‍ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭയിലെ 26, 27, 28, 29 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഇരിങ്ങപ്പുറം, തിരുവെങ്കിടം, ഗുരുവായൂര്‍ മേഘലകളിലെ പ്രദേശവാസികളാണ് ചങ്ങലയില്‍ പങ്കാളികളാവുക. വൈകീട്ട് 4മണിയോടെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിചേരുന്ന ജനങ്ങള്‍ തിരുവെങ്കിടത്തെ നിര്‍ദ്ദിഷ്ട അടിപ്പാതയ്ക്കു സമീപത്തുനിന്നുതുടങ്ങി തിരുവെങ്കിടം ക്ഷേത്രത്തിന് മുന്‍വശത്തുകൂടി റെയില്‍വേ ഗേയ്റ്റുവഴി പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലൂടെ മല്ലിശ്ശേരി റോഡ് വന്നുചേരുന്ന സ്ഥലംവരെ മനുഷ്യചങ്ങല തീര്‍ക്കും. 4.25 ന് എല്ലാവരും കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും. റെയില്‍പാതയ്ക്കുവേണ്ടി അപ്രോച്ച്‌റോഡ് നിര്‍മ്മിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. സെന്റേജ് ചാര്‍ജ്ജായ 8,12,000യരൂപ ഡെപ്പോസിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക് ഒരുവര്‍ഷം മുന്‍പ് സതേണ്‍ റെയില്‍വേ കത്തയച്ചിട്ടും, നഗരസഭ ഒരു നടപടിയും കൈകൊണ്ടില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അടിപ്പാതയ്ക്കായി നഗരസഭ വാര്‍ഷിക ബജറ്റിന്റെ 2017-18 നടപ്പുവര്‍ഷത്തില്‍ 17ലക്ഷം രൂപ വകകൊള്ളിച്ചിട്ടുള്ളതായും ഭാരവാഹികള്‍ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അടിപ്പാതയ്ക്ക് അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കെ.ടി. സഹദേവന്‍, പി.ഐ. ലാസര്‍ മാസ്റ്റര്‍, രവികുമാര്‍ കാഞ്ഞുള്ളി, പി. മുരളീധര കൈമള്‍, ശശി വാറണാട്ട്, ബാലന്‍ തിരുവെങ്കിടം എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."