പൗരത്വ മാരകബില്‍ വീണ്ടും
ജനുവരിയില്‍ ലോക്‌സഭ പാസാക്കി രാജ്യസഭയില്‍ പാസാക്കാനാവാതെ പോയ പൗരത്വ ഭേദഗതിബില്‍ വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ബില്‍ കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിക്കുകയും ചെയ്തു. മനുഷ്യരെ മതത്തിന്റെപേരില്‍ വിഭജിക്കാനൊരുങ്ങുന്ന ബി.ജെ.പി സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടക്കെതിരേ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കേണ്ട സമയമാണിത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ മൂല്യങ്ങളുടെ അടിവേരറുക്കുന്നതാണ് ഈ മാരകബില്‍. ഇന്ത്യയെപ്പോലുള്ള ബഹുസ്വരമായ ഒരുരാജ്യത്ത് പൗരത്വം മതത്തിന്റേയോ ദേശത്തിന്റേയോ സാമ്പത്തികാവസ്ഥയുടേയോ അളവുകോല് വച്ച് അളക്കപ്പെടേണ്ടതല്ല. അതിനെല്ലാം അതീതമാണ് മതനിരപേക്ഷ രാഷ്ട്രത്തിലെ പൗരന്റെ പൗരത്വം. ചിലരുടെ പൗരത്വം ഉല്‍കൃഷ്ടവും മറ്റുചിലരുടേത് അധമവുമാണെന്ന പ്രചാരണം ബി.ജെ.പി അധികാരത്തില്‍ വന്നത് മുതല്‍ അഴിച്ചുവിടാന്‍ തുടങ്ങിയതാണ്. ഈ കുപ്രചാരണം ഉയര്‍ത്തിപ്പിടിച്ചാണ് ഈ ലോക്‌സഭാ സമ്മേളനത്തില്‍തന്നെ പൗരത്വബില്‍ വീണ്ടും കൊണ്ടുവരാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറെടുക്കുന്നത്. ചില മതസ്ഥര്‍ക്ക് എളുപ്പത്തില്‍ കരസ്ഥമാക്കാനാവുന്നതും മറ്റുചിലര്‍ക്ക് അത് നിഷേധിക്കുകയും ചെയ്യുന്ന വര്‍ഗീയതയുടെ പൗരത്വം ഒരുപരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല.
ഈ നിയമത്തിന്റെ അകത്താളുകളില്‍ വര്‍ഗീയതയുടെ ഫണം വിടര്‍ത്തിയാടുന്നത് കാണാന്‍ കഴിയും. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന ബില്ല് 1985ലെ അസം കരാറിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ ജനുവരിയില്‍ ഈ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വേളയില്‍തന്നെ ചൂണ്ടികാണിച്ചതാണ്.
2024ഓടെ രാജ്യത്തൊട്ടാകെ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം ഇപ്പോള്‍ പാസാക്കുവാന്‍ ശ്രമിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലുമായി കൂട്ടിവായിക്കണം. ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത് കൊണ്ട് ആരും ഭയപ്പെടേണ്ടെന്ന് അമിത് ഷാ പറയുന്നുണ്ടെങ്കിലും ബി.ജെ.പി നേതാക്കളുടെ പല വാഗ്ദാനങ്ങളും തൊണ്ടയില്‍നിന്ന് കീഴ്‌പോട്ട് ഇറക്കാന്‍ പറ്റാത്തതാണ്. പൗരത്വ ഭേദഗതി ബില്‍ നിയമമായാല്‍ അതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തൊട്ടാകെ നടപ്പിലാക്കാന്‍ പോകുന്ന ദേശീയ പൗരത്വ രജിസ്റ്ററില്‍ സംസ്ഥാന ബി.ജെ.പി നേതാക്കളുടെ ഇംഗിതം നടപ്പിലാക്കാനുള്ള കുറുക്ക് വഴിയുമാകും. മതാടിസ്ഥാനത്തിലുള്ള വിഭജനത്തിന് പൗരത്വ കുപ്പായമണിയിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍.
ബില്‍ ലോക്‌സഭയില്‍ പെട്ടെന്ന് പാസാകുമെന്നതിന് സംശയമേതുമില്ല. എന്നാല്‍ ജനുവരിയിലേതുപോലെ രാജ്യസഭയില്‍ ഈ ബില്‍ തള്ളിപ്പോകുമെന്നതിലാണ് ഇപ്പോള്‍അല്‍പം പ്രതീക്ഷയുള്ളത്. ഓരോ പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കളെയും ഭീഷണിപ്പെടുത്തിയും കള്ളക്കേസുകളില്‍ കുടുക്കുമെന്ന് പറഞ്ഞുമാണ് രാജ്യസഭയില്‍ മുത്വലാഖ് ബില്ലും, കശ്മിരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുന്ന ബില്ലും ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയത്. ബില്ലുകള്‍ക്ക് അനുകൂലമായി ആരൊക്കെ വോട്ട് ചെയ്യുന്നുണ്ട് എന്ന് വീക്ഷിക്കുവാന്‍ അമിത് ഷാ വോട്ടെടുപ്പില്‍ രാജ്യസഭയില്‍ വന്നിരിക്കുകയും ചെയ്തു. അത്തരമൊരു അവസ്ഥ പൗരത്വ ഭേദഗതി ബില്ലിനും വരികയാണെങ്കില്‍ പ്രതിപക്ഷ കക്ഷികളെ വിഘടിപ്പിച്ച് ബി.ജെ.പി സര്‍ക്കാര്‍ പൗരത്വ ഭേദഗതിബില്‍ രാജ്യസഭയിലും പാസാക്കിക്കൂടെന്നില്ല. രാജ്യത്തിന്റെ മതേതരത്തിനാണ് അതോടെ തങ്ങള്‍ കത്തിവയ്ക്കുന്നതെന്ന യാഥാര്‍ഥ്യം മതേതര ജനാധിപത്യ കക്ഷി മേലങ്കിയണിഞ്ഞ് രാജ്യസഭയിലെത്തിയ ജനപ്രതിനിധികള്‍ അപ്പോള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് മുസ്‌ലിംകളൊഴികെയുള്ള ഹിന്ദു, പാര്‍സി, സിഖ്, ജൈന, ക്രൈസ്തവ എന്നീ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പൗരത്വബില്‍ നാളെ ഈ വിഭാഗങ്ങള്‍ക്കും എതിരേ പ്രയോഗിക്കുമെന്നതിന് സംശയമില്ല. ആര്‍.എസ്.എസിന്റെ അന്തിമലക്ഷ്യം ഇന്ത്യയില്‍ ഹിന്ദുത്വരാഷ്ട്രം സ്ഥാപിച്ച് ചാതുര്‍വര്‍ണ്യം പുനഃസ്ഥാപിക്കുക എന്നതാണ്. അതില്‍ ബ്രാഹ്മണര്‍ക്കൊഴികെയുള്ളവര്‍ക്കെല്ലാം സ്ഥാനം പുറമ്പോക്കുകളിലായിരിക്കും. ഇപ്പോള്‍ അസമിലും പശ്ചിമബംഗാളിലും തയാറായികൊണ്ടിരിക്കുന്ന കോണ്‍സ്‌ട്രേഷന്‍ ക്യാംപുകളെ അനുസ്മരിപ്പിക്കുന്ന തടങ്കല്‍ പാളയങ്ങള്‍ തദ്ദേശീയരായ മുസ്‌ലിംകള്‍ക്ക് വേണ്ടി ഒരുങ്ങുന്നുണ്ടെങ്കില്‍ നാളെയത് സിഖുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെല്ലാം തയാറാകുമെന്നതിന് സംശയമൊന്നും വേണ്ട. സിഖുകാരെ ഹിന്ദുക്കളായി ആര്യവംശീയതയില്‍ ഊറ്റംകൊള്ളുന്ന ആര്‍.എസ്.എസ് നേതൃത്വം അംഗീകരിക്കുന്നുണ്ടോ?
ലോകത്തൊട്ടാകെ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സാമ്രാജ്യത്വ ശക്തികള്‍ വിജയിച്ചിട്ടുണ്ട്. അതിനാല്‍തന്നെ മുസ്‌ലിംകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കൊക്കെ പൊതുസമൂഹം നിസ്സംഗമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇതിനാല്‍തന്നെ പല രാഷ്ട്രങ്ങളും മുസ്‌ലിംകള്‍ക്ക് നേരെ ആക്രമണോത്സുകമായ നിലപാടുകളാണ് എടുക്കുന്നത്. ഇന്ത്യയെന്ന മതനിരപേക്ഷ രാഷ്ട്രത്തിലെ ഇപ്പോഴത്തെ ഭരണാധികാരികള്‍ക്ക് ധൈര്യം നല്‍കുന്നതും ആഗോളതലത്തിലെ മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയാണ്. നേരത്തെ തയാറാക്കിയ അസമിലെ പൗരത്വ പട്ടികയില്‍ ലക്ഷകണക്കിന് ഹിന്ദുക്കള്‍ പുറത്തായത് തിരികെ പട്ടികയില്‍ ഉള്‍പ്പെടുത്തുവാനും പട്ടികയില്‍ ഉള്‍പ്പെട്ട തദ്ദേശീയരായ മുസ്‌ലിംകളെ ബംഗ്ലാദേശികളെന്ന് ആരോപിച്ച് പുറന്തള്ളാനുംകൂടിയാണ് വീണ്ടും പൗരത്വ ഭേദഗതിബില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
ഇത്തരമൊരു ഘട്ടത്തില്‍ ബില്ലിനെതിരേ ഒന്നിച്ചുനില്‍ക്കുക എന്നതാണ് രാജ്യസഭയിലെ ജനപ്രതിനിധികളുടെ കടമ. പ്രതിപക്ഷ നിരയില്‍ ഈ ആവശ്യത്തിനായി ഐക്യനിര ശക്തിപ്പെടുത്താനുള്ള ശ്രമം കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നത് ആശ്വാസകരംതന്നെ. രാജ്യത്തെ മുസ്‌ലിം-ദലിത് ന്യൂനപക്ഷങ്ങള്‍ ഭരണകൂട ഭീകരതയാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ പ്രതിപക്ഷ ഐക്യശ്രമം വഴിപാടാകരുത്. അമിത്ഷാ രാജ്യസഭയില്‍ വന്നിരുന്നാലും മതേതര ജനാധിപത്യ കക്ഷികളുടെ ജനപ്രതിനിധികള്‍ നിര്‍ഭയരായി അവരുടെ ബാധ്യത നിറവേറ്റണം. രാജ്യം ഇതേമട്ടില്‍ ബഹുസ്വര രാഷ്ട്രമായി നിര്‍ത്താന്‍ ചിലപ്പോള്‍ അതൊരവസാനത്തെ സന്ദര്‍ഭവും കൂടിയായിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."