മാഞ്ചസ്റ്ററിനും ലിവര്‍പൂളിനും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ലിവര്‍പൂളിനും ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോട്ടനത്തെ 2-1 എന്ന സ്കോറിനാണ് യുനൈറ്റഡ് പരാജയപ്പെടുത്തിയത്.
ജോസ് മൗറീഞ്ഞോ ടോട്ടനത്തിന്റെ പരിശീലകനായി എത്തിയതിന് ശേഷമുള്ള ആദ്യ തോല്‍വിയായിരുന്നു ഇന്നലത്തേത്.
അതും മൗറീഞ്ഞോ ആദ്യം പരിശീലിപ്പിച്ചിരുന്ന യുനൈറ്റഡിനോടായതിനാല് നാണക്കേടായി. 6, 49 മിനുട്ടുകളില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് യുനൈറ്റഡിന് വേണ്ടി ഗോളുകള്‍ കണ്ടെത്തിയത്. 39-ാം മിനുട്ടില്‍ ഡലി അലിയാണ് ടോട്ടനത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ 5-2 എന്ന സ്കോറിന് ലിവര്‍പൂള്‍ എവര്‍ട്ടണെ തകര്‍ത്തു. ഡിവോക് ഒറിഗി (2) , ഷാകിരി, സാദിയോ മാനേ, വ്യാന്ഡുലം എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ നേടിയത്. മൈക്കല്‍ കെയ്ന്‍ (21), റിച്ചാര്ലിസണ് (45) എന്നിവര്‍ എവര്ട്ടണ് വേണ്ടിയും ഗോളുകള്‍ സ്വന്തമാക്കി. അപരാജിത കുതിപ്പ് തുടരുന്ന ലിവര്‍പൂള്‍ 43 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരന്നു. 35 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി രണ്ടാമതും 32 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും തുടരുന്നു. മറ്റൊരു മത്സരത്തില്‍ 2-1 എന്ന സ്കോറിന് ചെല്‍സി ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി.
ടോമി അബ്രഹാം, മാസണ് മൗണ്ട് എന്നിവര്‍ ചെല്‍സിക്ക് വേണ്ടി ഗോളുകള്‍ സ്കോര്‍ ചെയ്തു. എതിരില്ലാത്ത രണ്ട് ഗോളിന് ലെസ്റ്റര്‍സിറ്റി വാട്ഫോര്‍ഡിനെ പരാജയപ്പെടുത്തി. 2-1 എന്ന സ്കോറിന് സതാംപ്ടണ് നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിന് വോള്‍വ്സ് വെസ്റ്റ് ഹാമിനെയും തുരത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."