വിയ്യൂരിലെ തടവുകാരന് മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തൃശൂര്‍: മണിവീക്കത്തിന് ശസ്ത്രക്രിയ നടത്തിയിട്ടും അസ്വസ്ഥതകള്‍ തുടരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനെ തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനു മുമ്പിലെത്തിച്ച് അടിയന്തിര ചികിത്സ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തടവുകാരന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ജയില്‍ ഐ.ജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ കമ്മീഷന്‍ വിമര്‍ശിച്ചു. രണ്ടു തവണ ശസ്ത്രക്രിയക്ക് വിധേയനായ തടവുകാരന്റെ സ്ഥിതി നേരിട്ട് ചോദിച്ച് മനസിലാക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്നും തടവില്‍ കഴിയുന്ന ഒരാളിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 2521-ാം നമ്പര്‍ തടവുകാരനായ വില്‍സന്റെ പരാതിയിലാണ് നടപടി. 2014 സെപ്റ്റംബര്‍ 30 നും 2016 ഡിസംബര്‍ 23 നും വില്‍സണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മണിവീക്കത്തിനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തടവുകാരന്റെ രോഗ വിവരം അയാളുടെ മൊഴി രേഖപ്പെടുത്താതെ ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ച രീതി സ്വഭാവിക നീതിക്ക് ഇണങ്ങുന്നതല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. തടവില്‍ കഴിയുന്നയാള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ചികിത്സിക്കാന്‍ പരിമിതിയുണ്ട്. തടവുകാരനായി തുടരുന്ന കാലയളവില്‍ വേണ്ട ചികിത്സ നല്‍കാന്‍ സര്‍ക്കാരിന് ചുമതലയുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
പരാതിക്കാരന് തന്റെ രോഗവിവരം സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കാമെന്നും കമ്മീഷന്‍ പറഞ്ഞു. ഉത്തരവും റിപ്പോര്‍ട്ടും തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ വിഭാഗം മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരാതിക്കാരന് അടിയന്തിരമായി നല്‍കിയ ശേഷം വിവരം കമ്മീഷനെ അറിയിക്കണമെന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."