കണ്ണോളം
കാഴ്ചാ അനുഭവം സാധ്യമാകുന്ന ഇന്ദ്രിയമാണ് കണ്ണ്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികള്‍ക്കെല്ലാം രണ്ടു കണ്ണുകളുണ്ട്. ഇവ ഒരേ സമയം ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു. ഈ കഴിവിനെ ദ്വിനേത്ര ദര്‍ശനം (ബൈനോക്കുലര്‍ വിഷന്‍) എന്നാണു വിളിക്കുന്നത്. ഒരു വസ്തുവിന്റെ തല തിരിഞ്ഞ പ്രതിബിംബം കണ്ണിലെ റെറ്റിനയിലെത്തുകയും അവിടെനിന്നു തലച്ചോറിന്റെ സഹായത്തോടെ നേരായ പ്രതിബിംബം ലഭ്യമായാണ് കാഴ്ച സാധ്യമാകുന്നത്. ബാഹ്യ ലോകത്തെക്കുറിച്ചുള്ള എണ്‍പതു ശതമാനം വിവരങ്ങളും തലച്ചോറിനു ലഭ്യമാകുന്നതു കണ്ണിലൂടെയാണ്. കണ്ണിന്റെ ബാഹ്യഭാഗത്തെ ശുദ്ധീകരിക്കുന്നത് കണ്ണീരിലൂടെയാണ്. കണ്ണീരിലെ ലൈസോസൈം എന്ന എന്‍സൈം ബാക്ടീരിയകളെ നശിപ്പിക്കുന്നു.
കണ്ണിനുള്ളിലെന്താണ്
നമ്മുടെ കണ്ണിനു മൂന്നു പാളികളാണുള്ളത്. ദൃഢപടലമാണ് ഇവയില്‍ ആദ്യത്തേത്. രക്തപടലം, ദൃഷ്ടിപടലം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണുള്ളത്. ഏറ്റവും പുറമേയുള്ള പാളിയാണ് ദൃഢപടലം. ഇതു വെളുത്ത നിറത്തിലാണു കാണപ്പെടുന്നത്. അതാര്യമായ ഈ ഭാഗത്തോടൊപ്പം സുതാര്യമായ മറ്റൊരു ഭാഗവുമുണ്ട്. കോര്‍ണിയ എന്നാണ് അതിന്റെ പേര്. ദൃഢപടലത്തിന്റെ പുറമേ നിന്നു കാണുന്ന ഭാഗത്തെ നേത്രാവരണം കൊണ്ടു മൂടിയിരിക്കും. മധ്യഭാഗത്തെ പ ാളിയാണ് രക്തപടലം. ഇവയിലെ നേര്‍ത്ത രക്തലോമികളാണ് കണ്ണിലെ കലകള്‍ക്ക് ഓക്‌സിജനും പോഷണവും വിതരണം ചെയ്യുന്നത്.
കോര്‍ണിയയ്ക്കു പിന്നിലുള്ള രക്തപടലത്തിന്റെ ഭാഗം വൃത്താകൃതിയിലുള്ളതും മധ്യഭാഗത്ത് സുഷിരമുള്ളതുമാണ്. ഇവയെ ഐറിസ് എന്നാണു വിളിക്കുന്നത്. സുഷിരത്തെ കൃഷ്ണമണി (പ്യൂപിള്‍) എന്നാണു വിളിക്കുന്നത്. പ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് ഈ ഭാഗത്തു സങ്കോചവികാസങ്ങളുണ്ടാകുന്നു. കൃഷ്ണമണിക്കു പിന്നിലാണ് കോണ്‍വെക്‌സ് ലെന്‍സ് സ്ഥിതി ചെയ്യുന്നത്. ഇതാണ് മനുഷ്യനു ദീര്‍ഘദൃഷ്ടിക്ക് സഹായകമാകുന്നത്. കണ്ണിന്റെ ഏറ്റവും പിന്നിലുള്ള ഭാഗമാണ് ദൃഷ്ടിപടലം.
റെറ്റിന എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭാഗത്താണ് വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്. പ്രകാശത്തെ തിരിച്ചറിയാന്‍ സാധിക്കുന്ന നാഡീ കോശങ്ങള്‍ ഇവിടെയുണ്ട്. റോഡ് കോശങ്ങളും കോണ്‍ കോശങ്ങളും എന്നാണ് അവയുടെ പേര്. മങ്ങിയ വെളിച്ചത്തിലുള്ള കാഴ്ച സാധ്യമാക്കുന്ന കോശങ്ങളാണ് റോഡ് കോശങ്ങള്‍. മങ്ങിയ പ്രകാശത്തില്‍ പോലും ഉത്തേജിപ്പിക്കപ്പെടുന്ന ഇവയ്ക്ക് വസ്തുക്കളെ കറുപ്പും വെളുപ്പും നിറത്തില്‍ തിരിച്ചറിയാനേ സാധിക്കുകയുള്ളൂ.
റോഡോപ്‌സിന്‍ എന്ന വര്‍ണവസ്തുവാണ് മങ്ങിയ വെളിച്ചത്തില്‍ ഉത്തേജിക്കാനുള്ള കഴിവു നല്‍കുന്നത്. രാത്രി സഞ്ചാരികളായ ജീവികളുടെ ശരീരത്തില്‍ റോഡ് കോശങ്ങള്‍ കൂടുതലായിരിക്കും. നിറങ്ങളെ കാണാന്‍ സഹായിക്കുന്ന കോശങ്ങളാണ് കോണ്‍ കോശങ്ങള്‍. ഒരു മനുഷ്യനേത്രത്തില്‍ ഒരു കോടിയിലേറെ റോഡ് കോശങ്ങളും അറുപതു ലക്ഷം കോണ്‍ കോശങ്ങളും ഉണ്ടെന്നാണു കണക്ക്. ദൃഷ്ടിപടലവുമായി ബന്ധപ്പെട്ടാണ് നേത്രനാഡി നില കൊള്ളുന്നത്.
കണ്ണിനുണ്ടാകുന്ന വൈകല്യങ്ങള്‍
ഹ്രസ്വദൃഷ്ടിയും ദീര്‍ഘദൃഷ്ടിയും
വളരെ അടുത്തുള്ള വസ്തുവിനെ കാണാന്‍ പ്രയാസമുള്ള കാഴ്ചാ വൈകല്യമാണ് ഹ്രസ്വദൃഷ്ടി. നേത്രഗോളത്തിന്റെ നീളം സാധാരണയില്‍ കൂടുതലായിരിക്കുന്നതിനാല്‍ ലെന്‍സ് സൃഷ്ടിക്കപ്പെടുന്ന പ്രതിബിംബം റെറ്റിനയുടെ മുന്‍ഭാഗത്തായാണ് രൂപപ്പെടുന്നത്. ഈ കാഴ്ചാ വൈകല്യത്തെ ഹ്രസ്വദൃഷ്ടി (മയോപ്പിയ) എന്നു വിളിക്കുന്നു.
സാധാരണയായി ആരോഗ്യമുള്ള നേത്രത്തില്‍ പ്രതിബിംബം റെറ്റിനയിലാണു പതിയുന്നത്. ഹ്രസ്വദൃഷ്ടി പരിഹരിക്കാന്‍ അനുയോജ്യമായ പവറുള്ള കോണ്‍കേവ് ലെന്‍സ് ഉപയോഗിക്കുന്നു. ചെറിയ തരം ഹ്രസ്വ ദൃഷ്ടിയെ സിംപിള്‍ മയോപ്പിയ എന്നും കൂടിയ തരം ഹ്രസ്വ ദൃഷ്ടിയെ പോഗ്രസ്സീവ് മയോപ്പിയ എന്നും പറയുന്നു. ദീര്‍ഘ ദൃഷ്ടിയെന്നാല്‍ അടുത്തുള്ള വസ്തുക്കളെ കാണാനാകാത്ത അസുഖമാണ്. കണ്ണിനു സമീപത്തുള്ള വസ്തുവിന്റെ പ്രതിബിംബം റെറ്റിനയുടെ പിറകിലായി രൂപപ്പെടുന്നതു കൊണ്ടാണിതു സംഭവിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍വെക്‌സ് ലെന്‍സുകള്‍ ഉപയോഗിക്കുന്നു.
പ്രെസ് ബയോപ്പിയ
വെള്ളെഴുത്ത് എന്ന പേരിലാണ് ഈ രോഗം നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നത്. ദീര്‍ഘദൃഷ്ടി വൈകല്യത്തില്‍പ്പെടുന്ന ഈ അസുഖത്തിനു കാരണം കണ്ണിന് അടുത്തായി വരുന്ന പ്രകാശരശ്മികള്‍ റെറ്റിനയുടെ പിന്നില്‍ കേന്ദ്രീകരിക്കുന്നതാണ്. ഇതു കാഴ്ച വ്യക്തമാകാതിരിക്കാന്‍ കാരണമാകുന്നു. പ്രായമാകുന്നതോടു കൂടി കണ്ണുകളിലെ സീലിയറി പേശികളുടെ പ്രവര്‍ത്തന ശേഷി കുറയുന്നതാണ് ഇതിനു കാരണം . ഇതുകൊണ്ട് ക്രിസ്റ്റലീയ ലെന്‍സിന്റെ പവര്‍ ഒരു പരിധിയില്‍ നിലനിര്‍ത്താന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഈ അസുഖത്തെ വൈദ്യശാസ്ത്രം രോഗമായല്ല, ശാരീരിക മാറ്റമായാണ് കണക്കാക്കുന്നത്.
വര്‍ണാന്ധത
ചുവപ്പ്, പച്ച എന്നീ നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോണ്‍ കോശങ്ങളുടെ തകരാറു മൂലം സംഭവിക്കുന്ന രോഗാവസ്ഥയാണ് വര്‍ണാന്ധത.
ഗ്ലോക്കോമ
കണ്ണിലെ കലകള്‍ക്കു പോഷണം നല്‍കുന്ന അക്വസ് ദ്രവം രക്തത്തില്‍ നിന്നുണ്ടാകുകയും രക്തത്തിലേക്കു തന്നെ പുനരാഗിരണം നടക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ കാഴ്ച എളുപ്പമാകുകയുള്ളൂ. ഇവയുടെ പുനരാഗിരണത്തില്‍ നടക്കുന്ന തകരാറുകള്‍ കണ്ണിനുള്ളില്‍ മര്‍ദ്ദം സൃഷ്ടിക്കാറുണ്ട്. ഈ അവസ്ഥയാണ് ഗ്ലോക്കോമ. ഇതുമൂലം റെറ്റിനയ്ക്കും പ്രകാശഗ്രാഹികള്‍ക്കും നാശമുണ്ടാക്കുകയും ക്രമേണ അന്ധതയിലേക്കു നയിക്കുകയും ചെയ്യും.
വിട്രിയസ് ഹെമറേജ്
തലഭാഗത്ത് സമ്മര്‍ദ്ദമേല്‍ക്കുന്നതു മൂലം കണ്ണിലെ രക്തക്കുഴലുകളില്‍ രക്തത്തിന്റെ അളവു കൂടി പൊട്ടിപ്പോകുന്ന അവസ്ഥയാണിത്. കണ്ണിന്റെ റെറ്റിനയിലെ രക്തക്കുഴല്‍ പൊട്ടി കൃഷ്ണമണിക്ക് പിന്നിലെ വിട്രിയസ് എന്ന ദ്രാവകത്തില്‍ കലരുന്നതിനാലാണ് വിട്രിയസ് ഹെമറേജ് എന്ന് വിളിക്കുന്നത്. ഈ രോഗം മൂലം കാഴ്ച ശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാം.പ്രമേഹ രോഗികളാണെങ്കില്‍ റെറ്റിന തന്നെ ഇളകി കാഴ്ച ശക്തി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
അസ്റ്റിഗ്മാറ്റിസം
നേത്ര പടലത്തിന്റെ ഉപരിതല വക്രതയില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലമാണ് ഈ അസുഖമുണ്ടാകുന്നത്. കാഴ്ച്ചക്കുറവാണ് ഈ വൈകല്യത്തിന്റെ പ്രധാന ലക്ഷണം. കണ്ണിനുള്ളിലെ വേദനയും അനുബന്ധബുദ്ധിമുട്ടുകളും കൃത്യമായ പരിശോധനയും കണ്ണടയുടെ ഉപയോഗവും മൂലം നിയന്ത്രണ വിധേയമാക്കാം.
ബ്രയില്‍ ലിപി
കണ്ണു കാണാത്തവര്‍ക്കു വായിക്കാനായി ഫ്രഞ്ചുകാരനായ ലൂയിസ് ബ്രയില്‍ കണ്ടെത്തിയ ലിപി സമ്പ്രദായമാണ് ബ്രയില്‍ ലിപി. കടലാസിലോ മറ്റ് മാധ്യമത്തിലോ ഉയര്‍ന്നു നില്‍ക്കുന്ന കുത്തുകള്‍ സ്പര്‍ശിച്ചാണ് ബ്രയില്‍ ലിപി വായിക്കുന്നത്. രണ്ടു കോളങ്ങളിലായി ദീര്‍ഘചതുരാകൃതിയിലുള്ള ആറു കുത്തുകള്‍ അക്ഷരം,അക്കം,ചിത്രം തുടങ്ങിയവ പ്രതിനിധാനം ചെയ്യുന്നു. ലോകത്ത് അനേകം പുസ്തകങ്ങള്‍ ബ്രയില്‍ ലിപിയില്‍ എഴുതപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തെ കറന്‍സികളില്‍ ബ്രയില്‍ ലിപി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.ഇത് ഉപയോഗിച്ച് അന്ധര്‍ക്ക് ധനവിനിമയം നടത്താം.ബ്രയില്‍ ലിപി കണ്ടെത്തുമ്പോള്‍ ലൂയിസ് ബ്രയിലിന് പതിനഞ്ചു വയസ ്മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
ഒഫ്താല്‍മോളജി
നേത്രസംബന്ധമായ രോഗ ചികിത്സ, നേത്രസംരക്ഷണം, കാഴ്ചാ പരിശോധന എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണിത്. ഒഫ്താല്‍മോളജിസ്റ്റ് എന്നാണ് നേത്രരോഗ വിദഗ്ധനെ വിളിക്കുന്നത്.
വൈറ്റ് കെയിന്‍
കാഴ്ചയില്ലാത്ത ആളുകളെ സഞ്ചരിക്കാന്‍ സഹായിക്കുന്ന വടിയാണ് വൈറ്റ് കെയിന്‍ എന്ന വെള്ളവടി. കാഴ്ചാ വൈകല്യം നേരിടുന്നവരുടെ സ്വാശ്രയത്തിന്റെ പ്രതീകമായി ഈ വടി രൂപകല്‍പന ചെയ്തത് 1945 ല്‍ നേത്ര രോഗ വിദഗ്ധനായ റിച്ചാര്‍ഡ് ഈ ഹ്യൂവര്‍ ആണ്. അകംപൊള്ളയായ ഈ അലൂമിനിയം ദണ്ഡിന്റെ അടിഭാഗത്ത് ഒരു ലോഹകഷ്ണം ഘടിപ്പിച്ചിട്ടുണ്ടാകും.അവ വിവിധ വസ്തുക്കളില്‍ തട്ടിയുണ്ടാകുന്ന ശബ്ദത്തിനനുസരിച്ചാണ് സഞ്ചാരം സാധ്യമാകുന്നത്. വൈറ്റ് കെയിന്‍ ഉപയോഗിക്കുന്നതു മൂലം മറ്റുള്ളവര്‍ക്കും അന്ധരെ തിരിച്ചറിയാന്‍ സാധിക്കും. 1964 മുതല്‍ ഒക്ടോബര്‍ 15 ലോക വൈറ്റ് കെയിന്‍ ദിനമായി ആചരിക്കുന്നു.
ടാക്‌റ്റൈല്‍ വാച്ച്
കാഴ്ചാ വൈകല്യമുള്ളവര്‍ക്ക് സമയം മനസിലാക്കാന്‍ ഉപയോഗിക്കുന്ന വാച്ചാണിത്. ബ്രയില്‍ ലിപി സംവിധാനം ഉള്‍പ്പെടുത്തി സമയത്തെ തൊട്ടറിയാന്‍ സാധിക്കുന്ന സംവിധാനമാണ് ഈ വാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമയം പറയുന്ന ടോക്കിങ് വാച്ചും ഇന്ന് ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."