ജി.എസ്.ടി കുടിശ്ശിക: വിഹിതം കിട്ടിയില്ലെങ്കില്‍ സുപ്രിം കോടതിയിലേക്കെന്ന് ഐസക്
ആലപ്പുഴ: ജി.എസ്.ടി കുടിശ്ശികയില്‍ കേന്ദ്രത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കുന്ന നിയമങ്ങളാണ് കേന്ദ്രം നടപ്പിലാക്കിക്കൊïിരിക്കുന്നത്.
സംസ്ഥാനത്തിനു ലഭിക്കാനുള്ള ജി.എസ്.ടി വിഹിതം ലഭിച്ചില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അടുത്തുചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഉന്നയിച്ചശേഷമാകും നിയമനടപടികളിലേക്കു നീങ്ങുക.
കേന്ദ്രത്തില്‍നിന്നു സംസ്ഥാനത്തിനു ലഭിക്കാനുള്ള ജി.എസ്.ടി വിഹിതം ഈ മാസം 3200 കോടിയായി ഉയര്‍ന്നു. ഉടന്‍ അതു ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം കടുത്തസാമ്പത്തിക പ്രതിസന്ധിയിലാകും. ഈ തുക എപ്പോള്‍തരുമെന്ന് പോലും കേന്ദ്രം പറയുന്നില്ലെന്നും ഐസക് വ്യക്തമാക്കി.
ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനിക്കാമെന്ന് മാത്രമാണ് പറയുന്നത്.
സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാകുന്നതോടെ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച താഴ്ന്നനിരക്കായ 4.5 ല്‍നിന്ന് ഇനിയും താഴും. ജി.എസ്.ടി വിഷയത്തില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും കേന്ദ്രത്തിനെതിരാണെന്നും മന്ത്രി പറഞ്ഞു.
ഫെഡറല്‍ സംവിധാനത്തെപോലും കേന്ദ്രം മാനിക്കുന്നില്ല. പൊതുവായ നിയമങ്ങളില്‍ പോലും സംസ്ഥാനങ്ങളുടെ മേല്‍ കടന്നു കയറുകയാണ്. കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹനം, ആര്‍ട്ടിക്കിള്‍ 370, എന്‍.ഐ.എ, വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ നിയമങ്ങളുടെ പൊതുസ്വഭാവം സംസ്ഥാന അധികാരങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. അവതരിപ്പിക്കാന്‍ പോകുന്ന കേന്ദ്ര വൈദ്യുത നിയമത്തില്‍ ഇത് വ്യക്തമാണ്. വൈദ്യുതി മേഖലയിലുള്ള സംസ്ഥാനങ്ങളുടെ അവകാശം പൂര്‍ണമായും കേന്ദ്രം ഏറ്റെടുക്കുകയാണെന്നും ഐസക് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."