അങ്കണവാടിക്ക് നേരെ വീണ്ടും സാമുഹ്യ വിരുദ്ധരുടെ ആക്രമണം
നിരവില്‍പുഴ: തൊണ്ടര്‍നാട് പഞ്ചായത്തിലെ പത്താംവാര്‍ഡ് കാഞ്ഞിരങ്ങാട് എടച്ചേരി അംഗന്‍വാടിക്ക് നേരെ വീണ്ടും സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം. പലതവണകലായി സാമൂഹ്യദ്രോഹിയുടെ ആക്രമണത്തിന് ഇരയായ കാഞ്ഞിരങ്ങാട് എടച്ചേരി അങ്കണവാടിയില്‍ ഇത്തവണ കിണറിന്റെ മൂടിയുടെ പൂട്ട് പൊളിച്ചാണ് സാമൂഹ്യദ്രോഹി നിര്‍വൃതി കണ്ടെത്തിയത്.
കിണര്‍ വെള്ളത്തില്‍ എന്തെങ്കിലും കലര്ത്തിയോയെന്നറിയാന് ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. അങ്കണവാടി ടീച്ചറോടാണ് തനിക്ക് വിദ്വേഷമെന്നും, ടീച്ചറെ മാറ്റിയില്ലെങ്കില്‍ ഇനിയും ദ്രോഹനടപടികള്‍ തുടരുമെന്നും കാണിച്ച് പ്രദേശത്ത വീടുകളില്‍ ഊമക്കത്തുകളും ലഭിച്ചിട്ടുണ്ട്. എട്ടുമാസത്തിനിടെ പത്താം തവണയാണ് ഇത്തരം സംഭവമെന്ന് അധികൃതര്‍പറഞ്ഞു. ജൂണ്‍മാസം ഡീസലൊഴിച്ച കിണറില്‍ ജൂലൈ അഞ്ചിന് രാത്രി കരി ഓയില്‍ ഒഴിച്ചാണ് സമൂഹ്യവിരുദ്ധര്‍ തങ്ങളുടെ സാന്നിധ്യം വീണ്ടുമറിയിച്ചത്.
തുടര്‍ന്ന് ഇന്നലെ കിണറിന്റെ മൂടിയുടെ പൂട്ട് പൊളിക്കുകയും പൂട്ട് എടുത്തുകൊണ്ടു പോകുകയും ചെയ്തിരിക്കുകയാണ്. രണ്ട് ദിവസം മുമ്പേ പ്രദേശത്തെ ചില വീടുകളില്‍ ടീച്ചര്‍ക്കെതിരെയാണ് തനിക്ക് വിദ്വേഷമുള്ളതെന്നും ടീച്ചറെ അവിടെ നിന്നും സ്ഥലംമാറ്റമെന്നും ആവശ്യപ്പെട്ട് ഊമകത്തുകള്‍ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ടീച്ചറിനോട് വൈരാഗ്യമുള്ള ഏതോ ഒരു വ്യക്തിയാണ് അംഗന്വാടിക്കുനേരെ ഇത്തരം ദ്രോഹപ്രവൃത്തികള്‍ ചെയ്യുന്നതെന്ന് വിശ്വസിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇരുപതോളം കുട്ടികള്‍ പഠനം നടത്തുന്ന എടച്ചേരി അംഗന്‍വാടിയില്‍ കിണര്‍ സ്ഥാപിച്ചിട്ട് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ ഒന്‍പത് തവണ സമൂഹ്യദ്രോഹികള്‍ കിണറ്റില്‍ മണ്ണെണ്ണ, ഡീസല്‍, മാലിന്യം തുടങ്ങിയവ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 25ന് കിണറില്‍ ഡീസല്‍ ഒഴിക്കുകയും, ജൂലൈ അഞ്ചിന് കരിഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ ആറായിരത്തോളം രൂപ ചെലവഴിച്ച് കിണറിന് മുകളില്‍ മൂടി സ്ഥാപിക്കുകയും താഴിട്ട് പൂട്ടുകയും ചെയ്തു. എന്നാല്‍ പൂട്ട് തകര്‍ത്ത് സാമൂഹ്യ ദ്രോഹികള്‍ കിണറില്‍ കരിഓയില്‍ ഒഴിച്ചതു. പിന്നീട് പൂട്ട് നന്നാക്കിയെങ്കിലും ഇന്നലെ വീണ്ടും പൂട്ട് തകര്‍ക്കുകയും അത് മോഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. എന്തായാലും നിലവില്‍ ടീച്ചറോട് ശത്രുതയുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ട ഗതികേടിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."