യോഗി ആദിത്യനാഥ് 'പേരുമാറ്റുന്ന' തിരക്കില്‍
മുംബൈ: ബുലന്ദ്ഷഹര്‍ കലാപം ആസൂത്രിതമായിരുന്നുവെന്നു കണ്ടെത്തിയതോടെ ബി.ജെ.പിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ പ്രതിഷേധം ശക്തമാകുന്നു. കലാപത്തെ തുടര്‍ന്നും വ്യക്തമായ നടപടികള്‍ സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ശക്തമായ വിമര്‍ശനവുമായി ശിവസേനയടക്കം രംഗത്തെത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ സ്ഥലനാമങ്ങള്‍ മാറ്റുന്ന തിരക്കിലായതുകൊണ്ടു സംസ്ഥാനത്തെ പ്രധാന പ്രശ്‌നങ്ങളെ കാണാന്‍ യോഗി ആദിത്യനാഥിനു കഴിയുന്നില്ലെന്നായിരുന്നു ശിവസേനയുടെ വിമര്‍ശനം. തെലങ്കാനയില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്നു യോഗി തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ഒരിക്കല്‍കൂടി രാമക്ഷേത്രം സംബന്ധിച്ച പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്.
യോഗിയുടെ ഭരണത്തില്‍ കലാപം വര്‍ധിക്കുകയാണ്. പശുവിന്റെ പേരില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥനും യുവാവിനും ജീവന്‍ നഷ്ടമായി. പൊലിസിനും പട്ടാളത്തിനും ഒരു മതവുമില്ല. അവരുടെ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് അവര്‍ ചെയ്യുന്നതെന്നും പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെ ശിവസേന വിമര്‍ശിച്ചു.
സ്ഥലനാമങ്ങള്‍ മാറ്റുമെന്നു പറയുമ്പോള്‍ ചരിത്രം മനസിലാക്കണം. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുകയാണെങ്കില്‍ എന്നാണ് രാമക്ഷേത്രം നിര്‍മിക്കുകയെന്നും ശിവസേന ചോദിക്കുന്നു.
തെലങ്കാന തെരഞ്ഞെടുപ്പ് റാലിയില്‍ ഹൈദരാബാദ് നിസാമിനുണ്ടായതുപോലെ അസദുദ്ദീന്‍ ഉവൈസിക്കും രാജ്യംവിട്ട് ഓടിപ്പോകേണ്ടിവരുമെന്ന യോഗിയുടെ പരാമര്‍ശത്തെയും ശിവസേന വിമര്‍ശിച്ചു. ഹൈദരാബാദ് നിസാമും മുഗള്‍ ചക്രവര്‍ത്തിമാരുമെല്ലാം രാജ്യത്തിനു ചെയ്ത സംഭാവനകളെ കാണാതെപോകരുത്.
തിരക്കിട്ടു സ്ഥലനാമങ്ങള്‍ മാറ്റുന്നവര്‍ മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകള്‍ സംഭാജി നഗര്‍, ധാരാശിവ എന്നിങ്ങനെ എന്നാണ് മാറ്റുകയെന്നും ശിവസേന മുഖപ്രസംഗത്തിലൂടെ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."