അടിച്ചു, കത്തികൊണ്ട് കുത്തി, തീയിട്ടു; കത്തിപ്പടര്‍ന്ന തീയുമായി രക്ഷതേടി ഒരു കിലോമീറ്ററോളം അവളോടി- ഉന്നാവോ പെണ്‍കുട്ടിയെ കൊല്ലാകൊല ചെയ്തത് ഇങ്ങിനെ
ലഖ്‌നൗ: ദേഹം മുഴുവന്‍ ആളിപ്പടരുന്ന തീയുമായി ആ പെണ്‍കുട്ടി ഓടി.രക്ഷിക്കണേ എന്നാര്‍ത്തുവിളിച്ച്. അടുത്ത ഗ്രാമത്തിലേക്ക്. തീ ഗോളം പോലെ അവളോടി വരുന്നത് കണ്ടെന്നാണ് ഗ്രമവാസികള്‍ പറയുന്നത്.
അവളെ കൊല്ലാക്കൊല ചെയ്തതിങ്ങനെ
ബലാത്സംഗക്കേസിലെ ഹിയറിങ്ങിനായി റായ്ബറേലി കോടതിയിലേക്ക് പോവുകയായിരുന്നു അവള്‍. പോവുന്ന വഴിക്കുവെച്ച് അഞ്ചു പേര്‍ ചേര്‍ന്ന് അവരെ തട്ടിക്കൊണ്ടു പോയി. അവരെ ക്രൂരമായി മര്‍ദ്ദിച്ചു. കത്തിയെടുത്തി കുത്തി. പെട്രോളൊഴിച്ച് തീകൊളുത്തി.
ശരീരം മുഴുവന്‍ ആളിപ്പടര്‍ന്ന തീയുമായി അവളോടി. സമീപത്തെ ഗ്രാമത്തിലേക്ക്. ഒരുകിലോമീറ്ററോളം അവളോടിയിട്ടുണ്ടാവുമെന്നാണ് സിന്ധുപൂര്‍ ഗ്രാമവാസികള്‍ പറയുന്നത്.
രക്ഷകരായത് ഗ്രാമീണന്‍
വിടിനു വെളിയില്‍ എന്തോ ജോലിയില്‍ ഏര്‍പെട്ടിരിക്കുകയായിരുന്ന ഗ്രാമവാസിയായ രവീന്ദ്രയാണ്. ആദ്യം അവളരികിലേക്ക് വരുന്നത് കണ്ടപ്പോള്‍ പേടിയാണ് തോന്നിയത്. അടിച്ചോടിക്കാന്‍ വടിയെടുക്കാനോങ്ങിയതാണ്. അടുത്തെത്തിയപ്പോഴാണ് ശ്രദ്ധിച്ചത്. ദേഹമാസകലം പൊള്ളലേറ്റിരുന്നു അവള്‍ക്ക്. രക്ഷിക്കാന്‍ ആര്‍ത്തുകരയുകയായിരുന്നു അവള്‍. ആരുടെയോ മൊബൈലില്‍ നിന്ന് 112ലേക്ക് വിളിച്ചു പൊലിനെ അറിയിച്ചു.
ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തില്‍ പിടയുമ്പോഴും അവള്‍ മൊഴി നല്‍കി. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ അവള്‍ അഞ്ചു കുറ്റവാൡകളുടേയും പേര് വെളിപെടുത്തിയിരുന്നു. യുവതി ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ലഖ്‌നൗവിലെ ആശുപത്രിയില്‍നിന്ന് ഇവരെ എയര്‍ലിഫ്റ്റിങ് വഴി ഇന്നലെ രാത്രി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തന്നെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് രണ്ടുപേര്‍ക്കെതിരേ കഴിഞ്ഞ മാര്‍ച്ചില്‍ യുവതി കേസ് നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി സുഹൃത്തിനൊപ്പം പീഡിപ്പിക്കുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. ഇതില്‍ പ്രതികളിലൊരാള്‍ അറസ്റ്റിലാകുകയും ചെയ്തു. എന്നാല്‍, പിന്നീട് ജാമ്യം ലഭിച്ചു. ഇയാളും സുഹൃത്തുക്കളുമാണ് കോടതിയിലേക്കു പോകുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി നടുറോഡില്‍ തീകൊളുത്തിയത്. ഇതിനു മുമ്പ് യുവതി വീണ്ടും കൂട്ടബലാത്സംഗത്തിനിരയായതായും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ അഞ്ചുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ നേരത്തെ യുവതി നല്‍കിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയതാണ്. മറ്റൊരാള്‍ പൊലിസിനു പിടികൊടുക്കാതെ ഒളിവിലുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."