അച്ചാര്‍ കുപ്പിയില്‍ വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം: പ്രവാസി യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൊട്ടില്‍പ്പാലം: വിദേശത്തുള്ള ബന്ധുവിന് നല്കാന് ഏല്‍പ്പിച്ച ബാഗ് സംശയം തോന്നിയതിനെ തുടര്‍ന്ന് കൊണ്ടുപോവാതെ മാറ്റിവച്ചപ്പോള്‍ പ്രവാസി യുവാവിന് തിരിച്ചുകിട്ടിയത് സ്വന്തം ജീവന്.
കായക്കൊടി പാറേമ്മല്‍ സൈനുദ്ദീന്‍ (35) ആണ് ഭാഗ്യം തുണച്ചതിനാല്‍ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ദുബൈയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പേരാമ്പ്ര, ഉള്ള്യേരി സ്വദേശികളായ അഭിജിത്ത്, സഹല്‍ എന്ന രണ്ടുപേര്‍ അച്ചാര്കുപ്പിയടങ്ങിയ ബാഗ് സൈനുദ്ദീനെ ഏല്‍പ്പിച്ചത്. സൈനുദ്ദീന്റെ റൂമില്‍ കഴിയുന്ന ഷിനു എന്നയാള്‍ക്ക് കൊടുക്കാനാണ് ബാഗ് ഏല്‍പ്പിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ വിദേശത്തെത്തിയ സൈനുദ്ദീന്‍ ഷിനുവിനോട് ലഗേജ് അളവില്‍ കൂടുതല്‍ ഉള്ളതിനാല്‍ ബാഗ് മാറ്റിവച്ചിരിക്കുകയാണെന്നും തിരിച്ചുവാങ്ങാന്‍ നാട്ടിലുള്ളവരോട് ആവശ്യപ്പെടാനും പറഞ്ഞു. ഇതിനിടെ സൈനുദ്ദീന്റെ വീട്ടുകാര്‍ ബാഗ് പരിശോധിച്ചപ്പോഴാണ് അച്ചാര്‍ കുപ്പിയില്‍ കഞ്ചാവ് പായ്ക്കറ്റുകള്‍ കണ്ടെത്തിയത്.
അതേസമയം, സൈനുദ്ദീനെ ഏല്‍പ്പിച്ച ബാഗ് കിട്ടിയില്ലെന്നും അത് തിരിച്ചുവാങ്ങണമെന്നും ആവശ്യപ്പെട്ട് വിദേശത്തുള്ള ഷിനു നേരത്തെ ബാഗ് ഏല്‍പ്പിച്ച പേരാമ്പ്ര, ഉള്ള്യേരി സ്വദേശികളെ വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ സൈനുദ്ദീന്റെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ബാഗ് കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ബസില്‍ കൊടുത്തയക്കണമെന്നും അറിയിച്ചപ്പോള്‍ വീട്ടുകാര്‍ പ്രയാസം പറഞ്ഞു. തുടര്‍ന്ന് തന്ത്രപരമായി ഇവരെ കായക്കൊടിയിലെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയും പ്രതികളെ തൊട്ടില്‍പ്പാലം പൊലിസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."