സി.പി ഉമര്‍സുല്ലമി വാക്കുപാലിച്ചില്ല: അബ്ദുല്ലക്കോയ മദനി
കോഴിക്കോട്: മുജാഹിദ് സംഘടനയിലെ ഐക്യം തകര്‍ത്ത് വാക്കുപാലിക്കാതെ പുറത്ത് പോയത് സി.പി ഉമര്‍ സുല്ലമിയാണെന്നും എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് വിശദമാക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി. ഉപാധികള്‍ ഒന്നുമില്ലാതെയാണ് ഇരു മുജാഹിദുകളും ഒന്നായതെന്നും രണ്ട് വര്‍ഷത്തോളം നീണ്ട കൂടിയാലോചനകള്‍ നടത്തിയെന്നും പറഞ്ഞ അദ്ദേഹം ഈ ചര്‍ച്ചകളെല്ലാം നടക്കുമ്പോള്‍ സി.പി ഉമര്‍ സുല്ലമി ഉണ്ടായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അപ്പോഴൊന്നും പറയാത്ത ഭിന്നത ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും മദനി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമായി പറഞ്ഞു. ജിന്ന്, സിഹ്‌റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നേരത്തെ കെ.എന്‍.എമ്മിനുള്ള അതേ അഭിപ്രായത്തിലാണ് ഇപ്പോഴും നിലകൊള്ളുന്നത്. സംഘടനയുടെ പേര് ചില വിഘടന ശക്തികള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഇത് തുടര്‍ന്നാല്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്നും ടി.പി പറഞ്ഞു. തന്റെ കൂടെയുള്ളവരെ താന്‍ വഞ്ചിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും എല്ലാവരുടെയും പൂര്‍ണ സമ്മതത്തോടെയാണ് ഐക്യമുണ്ടായതെന്നും കെ.എന്‍.എം വൈസ്പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
14 വര്‍ഷത്തോളം ഭിന്നിച്ച് നിന്ന ശേഷം 2016 ഡിസംബറിലാണ് കോഴിക്കോട് കടപ്പുറത്ത് മടവൂര്‍, മദനി വിഭാഗം മുജാഹിദുകള്‍ ഒന്നായത്. എന്നാല്‍ ഐക്യസമ്മേളനത്തിന് ശേഷവും മടവൂര്‍ വിഭാഗത്തില്‍ അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ആദര്‍ശവിഷയങ്ങളില്‍ മടവൂര്‍ അടിയറവ് പറഞ്ഞെന്നും അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലെന്നുമുള്ള പക്ഷക്കാരാണ് ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ത്തിയത്. ഇത് സമയം കഴിയുന്തോറും അധികരിച്ച് വരികയായിരുന്നു. ഈയിടെയാണ് ഈ വിഭാഗം വേര്‍പിരിഞ്ഞ് മറ്റൊരു കെ.എന്‍.എം ആയത്. നേരത്തെ മടവൂര്‍ വിഭാഗത്തിന്റെ കൂടി ആസ്ഥാനമായിരുന്ന കോഴിക്കോട്ടെ മര്‍ക്കസുദ്ദഅ്‌വ എന്ന കെട്ടിടം ആസ്ഥാനമായാണ് ഇവര്‍ സംഘടിച്ചത്.
സി.പി ഉമര്‍സുല്ലമിയാണ് ഇതില്‍ പ്രധാന മുതിര്‍ന്ന നേതാവ്. യുവാക്കളെ കേന്ദ്രീകരിച്ച് ഐ.എസ്.എം മര്‍ക്കസുദ്ദഅ്‌വ വിഭാഗമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ നടത്തി തങ്ങളുടെ ശക്തി തെളിയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."