വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിനെതിരായ ബഹിഷ്കരണം അഭിഭാഷകര്‍ പിന്‍വലിച്ചു
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിനെതിരായ ബഹിഷ്കരണം അഭിഭാഷകര്‍ പിന്‍വലിച്ചു. വനിത മജിസ്ട്രേറ്റ് ദീപ മോഹന്റെ കോടതിയില്‍ അഭിഭാഷകര്‍ ഇന്നു മുതല്‍ ഹാജരായി.
ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകമജിസ്ട്രേറ്റ് തര്‍ക്കം പരിഹാരത്തിലേക്ക് നീങ്ങുന്നത്.
മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വഞ്ചിയൂര്‍ കോടതിയിലെ 12 അഭിഭാഷകര്‍ക്കെതിരെ കേസെടുത്ത പശ്ചത്തലത്തിലായിരുന്നു മജിസ്ട്രേറ്റ് ദീപ മോഹനെ ബാര്‍ അസോസിയേഷന് ബഹിഷ്ക്കരിച്ചത്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന ബാര്‍ കൌണ്‍സില്‍ പ്രതിനിധികള്‍ വഞ്ചിയൂരെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ബഹിഷ്ക്കരണം പിന്‍വലിക്കാന്‍ അഭിഭാഷകര്‍ തയ്യാറായിരുന്നില്ല.
അഭിഭാഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചാലെ ബഹിഷ്ക്കരണം അവസാനിപ്പിക്കുകയുളളൂവെന്നായിരുന്നു ബാര്‍ അസോസിയേഷന്റെ നിലപാട്.എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്ന് ജില്ലാ ജഡ്ജി ഉറപ്പ് നല്‍കിയതോടെ ബഹിഷ്ക്കരണം പിന്‍വലിക്കാന്‍ ബാര്‍ അസോസിയേഷന് തീരുമാനിക്കുകയായിരുന്നു.
മജിസ്ട്രേറ്റ് നല്കിയ പരാതിയില്‍ 12 അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."