മിഠായിത്തെരുവ് നവീകരണ പുരോഗതി കലക്ടര്‍ വിലയിരുത്തി
കോഴിക്കോട്: മിഠായിത്തെരുവ് നവീകരണ പ്രവൃത്തിയുടെ പുരോഗതി ജില്ലാ കലക്ടര്‍ യു.വി ജോസ് സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി. ഓണാഘോഷത്തോടനുബന്ധിച്ച് മുഖം മിനുക്കിയ മിഠായിത്തെരുവ് ഓണത്തോടനുബന്ധിച്ച് സമര്‍പ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
റോഡിന് ഇരുവശവും കിടങ്ങുകള്‍ നിര്‍മിച്ച് വൈദ്യുതി കേബിളുകളും ജലവിതരണ പൈപ്പുകളും ഭൂമിക്കടിയിലൂടെ സ്ഥാപിച്ചിട്ടുണ്ട്. ടൈലുകള്‍ വിരിച്ച് നടപ്പാതകളും ഒരുക്കും. അലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തിയും ഉടനുണ്ടാവും. ഈ മാസം 25നകം നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാണ് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ലക്ഷ്യമിടുന്നത്.
മിഠായിത്തെരുവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമായി മികച്ച നിലവാരത്തിലുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍ പണിയാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മൊയ്തീന്‍ പള്ളി പരിസരത്തും കോയന്‍കോ ബസാറിലുമുള്ള രണ്ടു സ്ഥലങ്ങള്‍ കലക്ടര്‍ പരിശോധിച്ചു.
കംഫര്‍ട്ട് സ്റ്റേഷനുകള്‍ക്കുള്ള പ്ലാന്‍ തയാറാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ ഇ. അനിതാ കുമാരിയും കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."