'പ്രളയത്തിന്റെ പേരില്‍ പന്തല്‍ വേണ്ടെന്ന് വയ്ക്കാന്‍ പറ്റ്വോ?'
ആലപ്പുഴ: കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ മഴയും വെയിലും കൊള്ളാതെ മത്സരങ്ങള്‍ കാണാന്‍ വേദിയൊരുക്കേണ്ടത് എന്റേയും കൂടി ബാധ്യതയല്ലേ?. പ്രളയത്തിന്റെ പേരില്‍ പന്തല്‍ വേണ്ടെന്ന് വയ്ക്കാന്‍ പറ്റ്വോ?. 18 വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദികളും പന്തലുമൊക്കെ നിര്‍മിക്കുന്ന ചെറുതുരുത്തി സ്വദേശി ഉമര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം വേദിയായ ലിയോതേര്‍ട്ടീന്‍ത് സ്‌കൂളില്‍ നിര്‍മിക്കുന്ന പന്തലിന്റെ അവസാന മിനുക്കു പണിയിലാണ്.
പ്രളയത്തെതുടര്‍ന്ന് ഒരു വേദിയിലും പന്തലിടണ്ട എന്ന തീരുമാനത്തിലായിരുന്നു സംഘാടകസമിതി. എന്നാല്‍ ഒന്നാം വേദി ഓപണ്‍ എയര്‍ ഓഡിറ്റോറിയമായതിനാല്‍ നിര്‍മിക്കണമെന്ന ആവശ്യം അവസാനഘട്ടത്തില്‍ ഉയരുകയായിരുന്നു. പന്തലിന്റെ ചെലവ് എങ്ങനെ വഹിക്കുമെന്ന് സംഘാടകസമിതി ആലോചിക്കുമ്പോഴാണ് ഉമര്‍ മുന്നോട്ടുവരുന്നത്. പതിനെട്ടുകൊല്ലമായി താനും സംഘവും ഏഷ്യയിലെ ഏറ്റവും വലിയ മേളയ്ക്ക് പന്തല്‍ നിര്‍മിക്കുന്നു. പണം ഇല്ലാത്തതിന്റെ പേരില്‍ അത് മുടക്കണ്ട. പതിനഞ്ച് ലക്ഷം സ്വന്തം മുടക്കി ഒന്നാം വേദിയില്‍ പന്തലും 30വേദികളില്‍ കര്‍ട്ടണുകളും നിര്‍മിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കി. ഇതിനോടകം താന്‍കെട്ടിയുണ്ടാക്കിയ വേദികളില്‍ മികച്ചപ്രകടനം കാഴ്ചവച്ചവര്‍ പിന്നീട് കലാരംഗത്ത് പ്രശസ്തരായിട്ടുണ്ട്. മഞ്ജു വാര്യരും വിനീതും ദിവ്യാ ഉണ്ണിയുമൊക്കെ അവരില്‍ ചിലര്‍ മാത്രം. താന്‍ കെട്ടിയുണ്ടാക്കുന്ന വേദിയില്‍നിന്ന് നിരവധി പ്രതിഭകള്‍ ഇനിയും പ്രശസ്തിയുടെ കൊടുമുടിയിലെത്തുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഉമര്‍ പറയുന്നു.
പണമില്ലാത്തതിന്റെ പേരില്‍ പന്തല്‍ നിര്‍മാണം മുടങ്ങരുതെന്ന് നിര്‍ബന്ധമുണ്ടെന്നും എല്ലാവരും പ്രളയ ദുരന്തം നേരിടാന്‍ ഒരുമിക്കുമ്പോള്‍ താനും സഹകരിക്കേണ്ടെയെന്നും ഉമര്‍ ചോദിക്കുന്നു. വെറും രണ്ടുദിവസം മുന്‍പ് മാത്രം പന്തല്‍ നിര്‍മിക്കാന്‍ തീരുമാനമായതിനാല്‍ 40 ജോലിക്കാരെ നിര്‍ത്തേണ്ടി വന്നെന്നും ഉമര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. കഴിഞ്ഞദിവസം പെയ്ത മഴ കാരണം വേദിക്ക് സമീപവും പന്തലിനുള്ളിലുമൊക്കെ വെള്ളക്കെട്ടുണ്ടായതിനാല്‍ തറയില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് പ്ലാറ്റ്‌ഫോമുകൂടി കെട്ടി വൃത്തിയാക്കിയാണ് ഏറ്റെടുത്ത പണി ഉമര്‍ പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."