കൊലപാതക കേസിലെ പ്രതി 12 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
ചങ്ങനാശ്ശേരി: കൊലപാതക കേസിലെ പ്രതി 12 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കൊലപാതകത്തിന്‌ശേഷം ഒളിവില്‍പോയ പായിപ്പാട് നാലുകോടി പുളിമൂട്ടില്‍ കൊല്ലംപറമ്പില്‍ റോയി (48) ആണ് ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിലായത്. 2006ല്‍ തൃക്കൊടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന അടിപിടിയില്‍ ഒന്നാംപ്രതി നാലുകോടി കൂടത്തേട്ട് ബിനുവും രണ്ടാപ്രതി റോയിയും ചേര്‍ന്ന് തൃക്കൊടിത്താനം ആരമലക്കുന്ന് ഭാഗത്ത് താമസിക്കുന്ന പനംപറമ്പില്‍ വീട്ടില്‍ ലാലന്‍ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. പൊലിസ് പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ റോയി ഒളിവില്‍ പോവുകയായിരുന്നു. ഒന്നാംപ്രതി കൂടത്തേട്ട് ബിനുവിനെ കോട്ടയം സെഷന്‍സ് കോടതി 10 വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചു. ഒളിവില്‍ പോയ റോയിയെപ്പറ്റി വര്‍ഷങ്ങളായി അന്വേഷണങ്ങള്‍ നടത്തിയിട്ടും യാതൊരു വിവരവും ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. സുരേഷ് കുമാര്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് റോയിയെ തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍വച്ച് ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയിലായത്. കൊലപാതകത്തിനുശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പായിപ്പാട് നാലുകോടിയിലുള്ള രണ്ടു സ്ത്രീകളുമായി നാടുവിടുകയായിരുന്നു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ നമ്പര്‍ ശേഖരിച്ച് കോട്ടയം സൈബര്‍സെല്ലിന്റെ സഹായത്തോടെ റോയിയോടൊപ്പം താമസിക്കുന്ന സ്ത്രീയുടെ മൊബൈല്‍ നമ്പര്‍ മനസിലാക്കിയ അന്വേഷണസംഘം തമിഴ്‌നാട് ഡിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാലില്‍ ആറ്റൂവാംപെട്ടിക്ക് സമീപമുള്ള വനപ്രദേശത്ത് നിന്നാണ് റോയിയെ പിടികൂടിയത്. ഇവിടെ ജോസഫ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാള്‍ കെട്ടിടനിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. സുരേഷ് കുമാര്‍, ആന്റി ഗുണ്ടാ സ്‌ക്വാഡിലെ കെ.കെ റെജി, പ്രദീപ് ലാല്‍, അന്‍സാരി, രജനീഷ്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."