കടങ്ങോട് പഞ്ചായത്തില്‍ നെല്‍വയല്‍ നികത്തുന്നത് പതിവാകുന്നു
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടം മാത്തൂര്‍ പാടശേഖരത്തില്‍ നെല്‍വയല്‍ നികത്തുന്നത് പതിവാകുന്നു. പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. കുന്നംകുളം വടക്കാഞ്ചേരി റോഡരികിലുള്ള പാടശേഖരത്തിലെ അര ഏക്കറിലധികം വരുന്ന നെല്‍വയലാണ് സ്വകാര്യ ടാര്‍ മിക്‌സിങ് കമ്പനിക്കുവേണ്ടി നികത്തി എടുക്കുന്നത്. കരിങ്കല്‍ ചീളുകള്‍ ഉള്‍പ്പടെയുള്ള ക്വാറി അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച് നികത്തിയ നെല്‍വയലില്‍ ഇപ്പോള്‍ മെറ്റലും കരിങ്കല്‍ പൊടിയും വന്‍തോതില്‍ ശേഖരിച്ചിരിക്കുകയാണ്.
ടാറും കരിങ്കല്‍പ്പൊടിയും മെറ്റലും ഒലിച്ചിറങ്ങി സമീപമുള്ള നെല്‍വയലുകളിലും കൃഷി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇതിനെതിരേ സി.പി.ഐ കടങ്ങോട് ലോക്കല്‍ കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍ പാടശേഖരത്തിലെ ബാക്കിവരുന്ന നെല്‍വയല്‍ കൂടി കൈക്കലാക്കി നികത്തിയെടുക്കുവാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് പഞ്ചായത്ത് ഭരണസമിതിയും വില്ലേജ് അധികൃതരും കൂട്ട് നില്‍ക്കുകയാണെന്ന് സി.പി.ഐ നേതാക്കള്‍ ആരോപിക്കുന്നു. സമ്പന്നര്‍ നിലം നികത്തുമ്പോള്‍ ഒത്താശ ചെയ്യുന്ന പഞ്ചായത്ത് ഭരണ സമിതിയും വില്ലേജ് ഉദ്യോഗസ്ഥരും ഭൂമിയില്ലാത്ത നിര്‍ധനര്‍ വീട് വയ്ക്കാന്‍ അഞ്ച് സെന്റ് നെല്‍വയല്‍ നികത്താന്‍ അപേക്ഷ വെച്ചാല്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് നിരാകരിക്കുകയാണെന്നും ആരോപണമുണ്ട്. ഇടതു പക്ഷം നേതൃത്വം നല്‍കുന്ന ഭരണ സമിതിയിലെ ഘടക കക്ഷിയായ സി.പി.ഐ തന്നെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് വലിയ വിവാദങ്ങള്‍ക്ക് ഇട നല്‍കിയിരിക്കുകയാണ്. പരാതികളും ആരോപണങ്ങളും ഉയരുമ്പോഴും മാത്തൂര്‍ പാടശേഖരത്തില്‍ നെല്‍വയലുകള്‍ നികത്തി പറമ്പാക്കുന്നതും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും തടസമില്ലാതെ തുടരുകയാണ്. പാടശേഖരത്തിലെ പച്ചപ്പുകള്‍ വിസ്മൃതിയിലാവുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."