വിദ്യാര്‍ഥിനിക്ക് കൂട്ട പീഡനം: എട്ടുപേര്‍ കൂടി അറസ്റ്റില്‍
തളിപ്പറമ്പ് (കണ്ണൂര്‍): പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടമായി പീഡിപ്പിച്ച സംഭവത്തില്‍ വിവിധ സ്റ്റേഷനുകളിലായി ഇന്നലെ എട്ടുപേരെകൂടി അറസ്റ്റുചെയ്തു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി ഉഷസ് ഹൗസില്‍ വൈശാഖ് (25), മാട്ടൂല്‍ നോര്‍ത്തിലെ തോട്ടത്തില്‍ വീട്ടില്‍ ജിതിന്‍ (30), ആന്തൂര്‍ തളിയിലെ കണ്ടന്‍ചിറക്കല്‍ ശ്യാം മോഹന്‍ (25), ഇയാളുടെ ബന്ധു കെ. സജിന്‍ (25), കുഴിച്ചാലിലെ മൃദുല്‍ (24), ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് തളിയിലെ ഉറുമി ഹൗസില്‍ നിഖില്‍ (24), പഴയങ്ങാടിയിലെ സമദ് (21), പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റുചെയ്തത്. നിഖിലിനെയും, അഞ്ജന എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച മൃദുല്‍, പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെയും വളപട്ടണം പൊലിസിനു കൈമാറി. വളപട്ടണം സ്റ്റേഷന്‍ പരിധിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇവരെ കൈമാറിയത്. വളപട്ടണത്ത് ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ബുധനാഴ്ച അറസ്റ്റിലായ സന്ദീപ്, ഷംസുദീന്‍, ഷബീര്‍, അയൂബ്, ലോഡ്ജ് മാനേജര്‍ മയ്യില്‍ കയരളം സ്വദേശി പവിത്രന്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2017 ഓഗസ്റ്റിനും 2018 ഫെബ്രുവരിക്കും ഇടയില്‍ പെണ്‍കുട്ടിയെ സജിനും ശ്യാംമോഹനും കൂടി കോള്‍മൊട്ടയിലെ ക്വാട്ടേഴ്‌സില്‍ വച്ചും മൃദുലും നിഖിലും പെണ്‍കുട്ടിയുടെ പിതാവും പാപ്പിനിശ്ശേരിയിലെ വാടകവീട്ടില്‍ വച്ചും ജിത്തു മാട്ടൂലില്‍ വച്ചും പീഡിപ്പിച്ചതായാണു കേസ്. ഈ കേസില്‍ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നാണും പൊലിസ് അറിയിച്ചു.
കഴിഞ്ഞദിവസം പിടിയിലായ ഷബീറിന്റെ എത്തിയോസ് ലിവ കാറിലാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഈ കാര്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനപ്രതി സന്ദീപ് പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയ കാര്‍ നേരത്തേ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
സഹപാഠിക്കും പീഡനം: യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: പീഡനത്തിനിരയായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലിസ് അറസ്റ്റുചെയ്തു. കൊളച്ചേരി കരിങ്കല്‍ക്കുഴിയിലെ ആദര്‍ശിനെ (19) ആണ് കണ്ണൂര്‍ വനിതാ പൊലിസ് പിടികൂടിയത്. കേസില്‍ താളിക്കാവ് സ്വദേശി രാംകുമാറിനെയും പ്രതിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."