വര്‍ഗീയ നീക്കങ്ങളെ ചെറുക്കുക: ഹൈദരലി തങ്ങള്‍
മലപ്പുറം: ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയാശങ്കയുണ്ടാക്കി വര്‍ഗീയത കൊയ്‌തെടുക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്ര ജില്ലയിലെ രണ്ടദിനത്തിലെ പര്യടനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രീം കോടതിയുടെ വിധി കാത്തിരിക്കുകയാണ് അഭികാമ്യം. രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുണ്ടാകാത്തത് ആശങ്കയുളവാക്കുകയാണ്. രാജ്യത്ത് സൗഹാര്‍ദവും ഐക്യവും കാത്തുസൂക്ഷിച്ചു മുന്നോട്ടു പോകണമെന്നും തങ്ങള്‍ പറഞ്ഞു. വര്‍ഗീയമുക്ത ഭാരതവും അക്രമരഹിത കേരളവും പ്രമേയമാക്കി ന്യൂനപക്ഷ യുവശബ്ദമായി മാറിയ യാത്രക്ക് ജില്ലാ ആസ്ഥാനത്ത് ആയിരങ്ങളാണ് വരവേല്‍പ് നല്‍കാനെത്തിയത്. സമാപന വേദിയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബിജെപിയെ തലോടി എന്നും അധികാരത്തിലിരിക്കാമെന്ന വ്യാമോഹത്തിലാണ് പിണറായി വിജയനും കമ്മ്യൂണിസ്റ്റുകാരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമലയെ കലാപഭൂമിയാക്കി ബി.ജെ.പിക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ അവസരം നല്‍കി കോണ്‍ഗ്രസിനെ ഇല്ലാതാക്കലാണ് ഇടതു സര്‍ക്കാര്‍ ലക്ഷ്യം. വര്‍ഗീയ ചേരിതിരിവിലൂടെ വീണ്ടും അധികാരത്തിലെത്താമെന്നാണ് മോദി കണക്കുകൂട്ടുന്നത്. യുവജനയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതോടെ കേരളത്തിലേയും കേന്ദ്രത്തിലേയും രാഷ്ട്രീയ മാറ്റത്തിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, സി.പി ജോണ്‍, വി.വി പ്രകാശ്, അഡ്വ. ഫൈസല്‍ ബാബു, ഇസ്മാഈല്‍ വയനാട്, അന്‍വര്‍ മുള്ളമ്പാറ സംസാരിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, യു.എ ലത്വീഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടണ്ടത്താണി, എം.ഉമര്‍, പി. ഉബൈദുല്ല, നജീബ് കാന്തപുരം, എം.എ സമദ് സംബന്ധിച്ചു.
ജില്ലയിലെ പര്യടനത്തിന്റെ രണ്ടാംദിവസമായ ഇന്നലെ യാത്ര രാവിലെ ഒമ്പന്‍പതിന് മഞ്ചേരിയില്‍നിന്ന് തുടങ്ങി. കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡില്‍ നടന്ന സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷനായി. ഉച്ചക്ക് വള്ളുവമ്പ്രത്ത് നടന്ന സ്വീകരണം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദുണ്ണി ഹാജി അധ്യക്ഷനായി. വൈകിട്ട് മലപ്പുറത്തെത്തിയ യാത്രക്ക് ജില്ലാ ആസ്ഥാനത്തേക്ക് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ അകമ്പടിയോടെയാണ് വരവേല്‍പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."