24 മണിക്കൂര്‍ വൈദ്യുതി മുടങ്ങിയത് ജനങ്ങള്‍ക്ക് ദുരിതമായി
ചേലേമ്പ്ര: കഴിഞ്ഞ ദിവസം ദേശീയപാത ഇടിമുഴിക്കലില്‍ വാഹനം ഇടിച്ചു വൈദ്യുതി കാലും വൈദ്യുതി കമ്പികളും തകര്‍ന്നത് മൂലം ബുധനാഴ്ച രാത്രി പ്രദേശം ഇരുട്ടിലായി. അപകടത്തെ തുടര്‍ന്ന് 24 മണിക്കൂറോളം വൈദ്യുതി മുടങ്ങിയത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കി. ഇടിമുഴിക്കല്‍ ഭവന്‍സ് സ്കൂള്‍ ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡില്‍ നിന്നും സ്കൂള്‍ ബസ് അശ്രദ്ധയായി ദേശീയപാതയിലേക്ക് പ്രവേശിച്ചപ്പോള്‍ ദേശീയപാതയില്‍ ഇറക്കമിറങ്ങി വരുന്ന കണ്ടയ്നര്‍ ലോറി കുട്ടികളുമായി മുന്നിലേക്ക് എത്തിയ ബസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വൈദ്യുതിക്കാലില്‍ ഇടിച്ചത്.ഈ ശ്രമത്തിനിടെ ലോറി ബൈക്കിലിടിക്കുകയും ബൈക്ക് യാത്രക്കാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇടിയുടെ ആഘാതത്തില്‍ നടു മുറിഞ്ഞ വൈദ്യുതികാലുകളും കമ്പികളും ലോറിക്ക് മുകളിലേക്ക് പതിച്ചു. തത്സമയം വൈദ്യുതി ഓഫായതിനാലാണ് ദുരന്തം ഒഴിവായത്.കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തകര്‍ന്ന വൈദ്യുതികാലും ലൈനുകളും ഇന്നലെ വൈകിട്ടോടെയാണ് മാറ്റി സ്ഥാപിക്കാനായത്. ഇത് മൂലം പ്രദേശത്ത് 24 മണിക്കൂറോളമുണ്ടായ വൈദ്യുതി മുടക്കം ജനങ്ങള്‍ക്ക് ഏറെ ദുരിതമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."