യൂത്ത് കോണ്‍ഗ്രസ്: തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തിരക്കിട്ട നീക്കം
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യരായ പത്തുപേരുടെ പട്ടിക കേന്ദ്രനേതൃത്വം പ്രസിദ്ധീകരിച്ചിരിക്കെ തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് തിരക്കിട്ട നീക്കം. കേന്ദ്രനേതൃത്വം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് നടപടികള്‍ പ്രകാരം ഞായറാഴ്ചയാണ് ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.
ഇതിനുമുന്‍പായി സമവായത്തിലൂടെ ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം. കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ ക്യാംപ് ചെയ്ത് ഇതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.
സംസ്ഥാന അധ്യക്ഷനാകാന്‍ യോഗ്യതയുള്ള 10 പേരുടെ പട്ടികയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുറത്തിറക്കിയത്.
പട്ടികയില്‍ എം.പിമാരായ ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, എം.എല്‍.എ മാരായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍ എന്നിവരും ഇടം നേടിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ എന്‍.എസ് നുസൂര്‍, പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിമാരായിരുന്ന വിദ്യ ബാലകൃഷ്ണന്‍, എസ്.എം ബാലു, മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കൊല്ലം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എസ്.എന്‍ പ്രേംരാജ് എന്നിവരാണ് പട്ടികയിലെ മറ്റു പേരുകാര്‍. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന ആവശ്യം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളൊന്നാകെ ഉയര്‍ത്തിയിരുന്നു. ഇതു കണക്കിലെടുക്കാതെയാണ് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോകാനുളള യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ നേതാക്കള്‍ എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിരുന്നു. എന്നാല്‍ ഇതുവരെ സോണിയ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇതേ ആവശ്യം ഉന്നയിച്ച് എ,ഐ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൃഷ്ണ അല്ലാവരുവിനെ കണ്ടിരുന്നു. എ വിഭാഗത്തെ പ്രതിനിധീകരിച്ച് ബെന്നി ബെഹനാനും ഡീന്‍ കൂര്യാക്കോസും ഐ വിഭാഗത്തില്‍നിന്ന് കെ. സുധാകരനും ഹൈബി ഈഡനുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സോണിയയില്‍നിന്ന് നിര്‍ദേശം കിട്ടിയാലേ തെരഞ്ഞെടുപ്പ് നടപടികള്‍ ഒഴിവാക്കൂ എന്നാണ് കൃഷ്ണ അല്ലാവരു ഇവരെ അറിയിച്ചത്. സംഘടനാ തെരഞ്ഞെടുപ്പുമായി കേന്ദ്രനേതൃത്വം മുന്നോട്ടുപോവുകയാണെങ്കില്‍ ബഹിഷ്‌കരിക്കാനും എ, ഐ ഗ്രൂപ്പുകള്‍ ആലോചിക്കുന്നുണ്ട്.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ വിഭാഗം ഷാഫി പറമ്പില്‍ എം.എല്‍.എയെയും ഐ വിഭാഗം കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുമാണ് നേരത്തെ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ കേന്ദ്രനേതൃത്വം പ്രഖ്യാപിച്ച പുതിയ പട്ടികയില്‍ രണ്ടു എം.പിമാര്‍ ഉള്‍പ്പെടെ മറ്റ് എട്ടുപേരെ പ്രഖ്യാപിച്ചതോടെ സംസ്ഥാന പ്രസിഡന്റ് ആരാവുമെന്ന ചര്‍ച്ച സജീവമായി. ഏഴുവര്‍ഷം മുന്‍പ് നിലവില്‍ വന്ന സംസ്ഥാന കമ്മിറ്റിയാണ് കഴിഞ്ഞ ആഴ്ച പിരിച്ചുവിട്ടത്. സംഘടനാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക നടപടികള്‍ക്കായി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അഖിലേന്ത്യാ പ്രതിനിധികളോട് മടങ്ങിപ്പോകാന്‍ സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് നടപടികള്‍ക്കായി ഡി.സി.സി ഓഫിസുകളില്‍ ഇരിപ്പിടം അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിലേക്ക് പരിഗണിക്കുന്ന 10 പേരുടെ പട്ടിക ദേശീയ നേതൃത്വം പ്രസിദ്ധീകരിച്ചത്. ജനപ്രതിനിധികളായവരെ ഭാരവാഹികളാക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ഇക്കാര്യം പല നേതാക്കളും പ്രവര്‍ത്തകരും കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
അന്തിമഘട്ടത്തില്‍ ജനപ്രതിനിധികളെ ഭാരവാഹി സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ പട്ടികയിലുള്ള എന്‍.എസ് നുസൂര്‍, റിയാസ് മുക്കോളി എന്നിവരുടെ പേരുകള്‍ക്കായിരിക്കും മുന്‍തൂക്കം. പരിഗണനാ പട്ടികയില്‍ കെഎസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരേയും സംഘടനയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ കേന്ദ്രം അംഗീകാരം നല്‍കിയ നിലവിലെ പട്ടികയില്‍നിന്നു മാത്രമേ അധ്യക്ഷനെയും ഉപാധ്യക്ഷനെയും നിയമിക്കാവൂ എന്നതാണ് കേന്ദ്ര നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."