ആദ്യ ഭിന്നശേഷി സൗഹൃദ ജില്ലയാകാന്‍ മലപ്പുറം; ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളെ ശാക്തീകരിക്കുന്നു
മലപ്പുറം: സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലയെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റാന്‍ സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ നേതൃത്വത്തില്‍ രക്ഷാകര്‍തൃ ശാക്തീകരണ പരിപാടി (പാരന്റ് എംപവര്‍മെന്റ് പ്രോഗ്രം) ആരംഭിക്കുന്നു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിവൈകല്യം എന്നിവ ബാധിച്ചവരുടെ രക്ഷിതാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഭിന്നശേഷിക്കാരെ പരിചരിക്കുന്നതിലും തെറാപ്പി പ്രവര്‍ത്തനങ്ങളിലും രക്ഷിതാക്കള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കികൊണ്ട് രക്ഷിതാക്കളെ തന്നെ അവരുടെ പരിശീലകരായി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ജില്ലയില്‍ 350 റിസോഴ്‌സ് അംഗങ്ങള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കും. ഓരോ പഞ്ചായത്തില്‍ നിന്നും മൂന്നു പേര്‍ അടങ്ങുന്ന റിസോഴ്‌സ് അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. അവര്‍ക്ക് ഏഴ് ബാച്ചുകളിലായി തെറ്റാപ്പിയിലും അവരെ പരിചരിക്കുന്നതിലുമായി വിദഗ്ധര്‍ സമഗ്ര പരിശീലനം നല്‍കും. അങ്ങനെ പരിശീലനം ലഭിച്ച 350 റിസോഴ്‌സ് അംഗങ്ങള്‍ ജില്ലയില്‍ 2850 പേര്‍ക്ക് വിവിധ പഞ്ചായത്തുകളിലായി പരിശീലനം നല്‍കും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിവൈകല്യം തുടങ്ങിയ മൂന്നുവിഭാഗങ്ങളിലും പൊതുവായ പരിശീലനമാണ് നല്‍കുക.
തെറാപ്പിയില്‍ സൈക്കോ, ഫിസിയോ, സ്പീച്ച് രംഗങ്ങളില്‍ പ്രാഥമിക പരിശീലനം നല്‍കും. സൗജന്യമായ തെറാപ്പി സംവിധാനങ്ങള്‍ ജില്ലയില്‍ ഇല്ലാത്തതിനാല്‍ പതിനായിരത്തോളം രൂപയാണ് തെറാപ്പികള്‍ക്ക് ഭിന്നശേഷികാര്‍ക്ക് ചെലവാകുന്നത്. എന്നാല്‍ ശാക്തീകരണ പരിപാടിയിലൂടെ ജില്ലയിലെ സൗജന്യമായ തെറാപ്പി സൗകര്യങ്ങള്‍ക്ക് പരിഹാരമാവും. അടുത്ത മാര്‍ച്ച് മാസത്തോടു കൂടി പരിശീലനം പൂര്‍ത്തിയാകും. സംസ്ഥാനത്ത് ഏഴു ലക്ഷത്തിലധികം ഭിന്നശേഷിക്കാരില്‍ ഒരു ലക്ഷത്തിലധികം പേര്‍ ജില്ലയിലാണെന്നുള്ള കണക്കുപ്രകാരമാണ് മലപ്പുറത്തെ രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിയ്ക്കായി ആദ്യം തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."