സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍: വന്‍സാരയെ കുറ്റവിമുക്തനാക്കി
ന്യൂഡല്‍ഹി: അധോലോകസംഘാംഗങ്ങളായ സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും തുള്‍സിറാം പ്രജാപതിയെയും വ്യജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ ഡി.ജി വന്‍സാര, എം.എന്‍ ദിനേശ് എന്നിവരെ സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കി. വ്യക്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുനില്‍കുമാര്‍ ജെ. ശര്‍മയാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്.
ഇതോടെ കേസിലെ 38 പ്രതികളില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ എണ്ണം 15 ആയി. കേസില്‍ 2007 ഏപ്രിലില്‍ സി.ബി.ഐ അറസ്റ്റ്‌ചെയ്ത വന്‍സാരക്ക് കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ 2014 സപ്തംബറിലാണ് ജാമ്യം ലഭിച്ചത്. ഈ രണ്ടുകേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും മുംബൈയിലെ കോളജ് വിദ്യാര്‍ഥിനി ഇശ്‌റത്ത് ജഹാനെയും മലയാളിയായ പ്രാണേഷ് പിള്ളയെയും വെടിവച്ചുകൊന്ന കേസിലും ഇദ്ദേഹം പ്രതിയാണ്.
ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന അമിത്ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതാരിയ, ഗുജറാത്ത് മുന്‍ പൊലിസ് മേധാവി പി.സി പാണ്ഡേ, എ.ഡി.ജി.പി ഗീതാ ജോഹ്രി, പൊലിസ് കോണ്‍സ്റ്റബിള്‍ അഭയ് ചുദസാമ, ഡി.വൈ.എസ്.പി നരേന്ദ്രകുമാര്‍ അമിന്‍ തുടങ്ങിയവരാണ് നേരത്തെ കുറ്റവിമുക്താക്കപ്പെട്ടവര്‍. ഇവരില്‍ അമിത്ഷാ അടക്കമുള്ളവര്‍ ഇശ്‌റത്ത് കേസിലും പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
2005 നവംബറിലാണ് ബി.ജെ.പി അനുയായിയും അധോലോകബന്ധവുമുള്ള സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ നിരോധിത സംഘടനയായ ലശ്കറെ ത്വയ്ബ അംഗമാണെന്നാരോപിച്ച് ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്. സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയി അഹമ്മദാബാദിലെത്തിച്ച ശേഷം ഗുജറാത്ത് ഭീകരവിരുദ്ധ സേന വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. കൗസര്‍ബിയെ പിന്നീട് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. ഈ രണ്ടുകൊലപാതകങ്ങള്‍ക്കും സാക്ഷിയായ പ്രജാപതിയെ അടുത്തവര്‍ഷം ഡിസംബറിലും പൊലിസ് കൊലപ്പെടുത്തി. ബി.ജെ.പി സര്‍ക്കാരിനു കീഴിലുള്ള ഗുജറാത്ത് പൊലിസ് അന്വേഷിച്ച കേസ് സുപ്രിം കോടതി ഇടപെട്ട് സംസ്ഥാനത്തിനു പുറത്തേക്കു മാറ്റിയതോടെയാണ് വീണ്ടും സജീവമായത്.
അടുത്തു നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍സാര ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സി.ബി.ഐ കോടതിയുടെ വിധി വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."