ചൈനയുടെ ആദ്യ വിദേശ സൈനിക താവളം ജിബൂത്തിയില്‍ തുടങ്ങി
ജിബൂത്തി: ചൈനീസ് സൈന്യത്തിന്റെ 90ാം വാര്‍ഷികത്തോടനുബന്ധിച്ച് ചൈനയ്ക്കു പുറത്തുള്ള ആദ്യ സൈനിക കേന്ദ്രം ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയില്‍ പ്രവര്‍ത്തനം തുടങ്ങി. നാവിക കപ്പലുകളിലേക്ക് അവശ്യവസ്തുക്കളെത്തിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുമാണ് നാവിക താവളം ഉപയോഗിക്കുന്നതെന്നാണ് ചൈന വിശദീകരിക്കുന്നതെങ്കിലും പൂര്‍ണതോതിലുള്ള നാവിക താവളമാണ് ചൈന ലക്ഷ്യംവയ്ക്കുന്നത്.
ഇന്നലെയാണ് ഔദ്യോഗികമായി താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. കൊടി ഉയര്‍ത്തല്‍ ചടങ്ങും സൈനിക പരേഡുമായിരുന്നു ചടങ്ങ്. 300ലേറെ പേര് ചടങ്ങില്‍ പങ്കെടുത്തു. ഡെപ്യൂട്ടി ചൈനീസ് നാവിക കമാന്‍ഡര്‍ തിയാന് സോങ്, ജിബൂത്തി പ്രതിരോധ മന്ത്രി തുടങ്ങിയവര്‍ പങ്കെടുത്തുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് ചൈന ജിബൂത്തിയില്‍ സൈനിക താവളത്തിന്റെ നിര്‍മാണം തുടങ്ങിയത്. യമനിലേക്കും സൊമാലിയയിലേക്കും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന തുറമുഖമാണ് ജിബൂത്തിയിലേത്. യു.എസ്, ഫ്രാന്‍സ്, ജപ്പാന് സൈന്യത്തിനും ജിബൂത്തിയില്‍ സേനാ സാന്നിധ്യമുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ജിബൂത്തിയില്‍ ചൈന നാവിക താവളമുണ്ടാക്കിയത് ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക എന്നിവിടങ്ങളിലും ചൈന സൈനിക കേന്ദ്രങ്ങള്‍ക്ക് ശ്രമം നടത്തുന്നുണ്ട്.
ജിബൂത്തി
ആഫ്രിക്കയുടെ കിഴക്കേ അറ്റത്തെ തന്ത്രപ്രധാനമായ ചെറു രാജ്യം. എത്യോപ്യ, എരിത്രിയ,സൊമാലിയ രാജ്യങ്ങള്‍ക്കിടയിലാണ് സ്ഥാനം. ചെങ്കടലിന്റെ തെക്കന്‍ പ്രവേശനവും സൂയിസ് കനാലിന്റെ പാതയിലുമാണ് ജിബൂത്തി നിലകൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."