കടുവയുടെ സന്ദര്‍ശനം: പെരുവണ്ണാമൂഴിയില്‍ വെളിച്ചമെത്തി
പേരാമ്പ്ര: മന്ത്രിക്കും താലൂക്ക് വികസന സമിതി മെംബര്‍ക്കും കഴിയാത്തത് 24 മണിക്കൂറിനുള്ളില്‍ കടുവ സാധ്യമാക്കി. ഏറെ കാലത്തെ ഇടവേളക്കുശേഷം പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രവും പരിസരവും പ്രകാശപൂരിതമായി.ബുധനാഴ്ച പുലര്‍ച്ചെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ദേശീയ മൃഗം സന്ദര്‍ശനത്തിനെത്തി യതോടെയാണു കാര്യത്തിനു തീരുമാനമായത്. പെരുവണ്ണാമൂഴിയിലെ ഇരുട്ടകറ്റാന്‍ നാലു മാസമായി കൊയിലാണ്ടി താലൂക്ക് വികസന സമിതിയില്‍ ഉയര്‍ന്നു കൊണ്ടിരുന്ന ശബ്ദം പലവിധന്യായം നിരത്തി തടസപ്പെടുത്തിക്കൊണ്ടിരുന്നവര് കാണാത്ത കടുവയുടെ അദൃശ്യ രൂപത്തിനു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ഇക്കാര്യം പറഞ്ഞപ്പോഴും ലൈന്‍ തകരാര്‍ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തടി തപ്പാനാണു ശ്രമം നടത്തിയത്. അതേ സമയം, ദേശീയ മൃഗത്തിന് മുന്പില് ഉദ്യോഗസ്ഥര്‍ ന്യായങ്ങളൊന്നും നിരത്തിയില്ല. തകരാറിലായിരുന്ന ലൈനുകള്‍ നേരെയാക്കി. ഒടുവില്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള വൈദ്യുതി പോസ്റ്റുകളില്‍ നിരയായി മൂന്നു ബള്‍ബുകള്‍ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പ്രകാശിച്ചു. താലൂക്ക് വികസന സമിതി യോഗത്തില്‍ ഒരു മാസം മുന്‍പ് ബള്‍ബു നല്കി പ്രതിഷേധിച്ച സമിതി അംഗം രാജന് വര്‍ക്കിയും പ്രവൃത്തി നടക്കുമ്പോള്‍ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."