കൂടിയാട്ടവും നാടക സംവിധാനവും; സംസ്‌കൃത അധ്യാപകന്‍ ശ്രദ്ധേയനാകുന്നു
എടച്ചേരി: ഏറെക്കാലമായി കൂടിയാട്ടം എന്ന കലാരൂപം കുട്ടികളെ പഠിപ്പിക്കുകയും, പരിശീലിപ്പിച്ച് വേദിയിലെത്തിക്കുകയും ചെയ്ത കലാകാരനായ സംസ്‌കൃത അധ്യാപകന്‍ നാടക രംഗത്തും ശ്രദ്ധേയനാവുന്നു.
എടച്ചേരി നരിക്കുന്ന് യു.പി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനായ ദീപേഷാണ് സംസ്‌കൃത നാടക രംഗത്തും തന്റെ കഴിവ് തെളിയിച്ചത്. കഴിഞ്ഞ കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ രണ്ട് സംസ്‌കൃത നാടകങ്ങളാണ് ദീപേഷ് സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചത്.
വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും, പയ്യോളി ഗവണ്‍മെന്റ് ഹയര്‍ സെക്കമന്‍ഡറി സ്‌കൂളിനും വേണ്ടിയാണ് 'വയം ജലജഹാ', 'മാതൃവാത്സല്യം' എന്നീ രണ്ടു നാടകങ്ങള്‍ സംവിധാനം ചെയ്തത്. സമകാലിക സമൂഹത്തിന്റെ പ്രകൃതി ചൂഷണവും ദുരാഗ്രഹവും ആയിരുന്നു വയം ജലജഹാ എന്ന നാടകത്തിന്റെ ഇതിവൃത്തം. 'മാതൃവാത്സല്യം' എന്ന നാടകം പൂതപ്പാട്ടിന്റെ രംഗാവിഷ്‌കാരമാണ്. അമ്മത്തൊട്ടിലുകളും വൃദ്ധസദനങ്ങളും കൂടി വരുന്ന ആധുനിക സമൂഹത്തിന്റെ ചിത്രമാണ് ഈ നാടകത്തില്‍ കാണാന്‍ സാധിക്കുക.
മാതൃവാത്സല്യം എന്ന നാടകത്തിന്റെ രചനയും ദീപേഷാണ്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിദ്യാര്‍ഥി നാടകത്തിനു മുന്‍പ് മണിക്കൂറുകളോളം ആശുപത്രിയില്‍ ആയിരുന്നിട്ടു കൂടി മാതൃവാത്സല്യം മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടി.
ഏതാനും വര്‍ഷങ്ങളായി വിദ്യാര്‍ഥികളെ കൂടിയാട്ടം പരിശീലിപ്പിക്കുകയും അരങ്ങിലെത്തിക്കുകയും ചെയ്യുകയാണീ അധ്യാപകന്‍. സംസ്‌കൃത പഠനത്തില്‍ നിന്നകലുന്ന വിദ്യാര്‍ഥി സമൂഹത്തെ സര്‍ഗാത്മകമായ കഴിവുകള്‍ പരിപോഷിപ്പിച്ച് സംസ്‌കൃത പഠനത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ദീപേഷ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."