വിവരാവകാശ കമ്മിഷന്‍ സിറ്റിങ്; 20 പരാതികള്‍ പരിഗണിച്ചു
കോഴിക്കോട്: വിവിധ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും പൊതുവിവരാവകാശ ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ പഠിച്ചശേഷം അവ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ അംഗം കെ.വി സുധാകരന്‍ പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ തെറ്റായ രീതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 20 പരാതികള്‍ തീര്‍പ്പാക്കി. ഫറോക്ക് പഞ്ചായത്ത് നിലവിലുള്ളപ്പോള്‍ നല്‍കിയ പരാതിയില്‍ തീര്‍പ്പ് കല്‍പിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനത്തിലെ പൊതുവിവരാവകാശ ഉദ്യോഗസ്ഥന്‍, നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൊതുവിവരാവകാശ ഉദ്യോഗസ്ഥന്‍ എന്നിവര്‍ സിറ്റിങില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ഇവരില്‍ നിന്നും വിശദീകരണം തേടുമെന്ന് കമ്മിഷന്‍ അറിയിച്ചു. വില്ലേജുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, രജിസ്‌ട്രേഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍ രേഖകളുടെ പകര്‍പ്പ് നല്‍കുന്നതിന് അധിക ചാര്‍ജ് ഈടാക്കുന്ന പ്രവണത വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഒരു എ ഫോര്‍ പേപ്പറിന് സാധരണയായി ഈടാക്കാവുന്ന രണ്ട് രൂപയില്‍ കൂടുതല്‍ വാങ്ങിയാല്‍ നടപടി നേരിടേണ്ടി വരുമെന്നും കമ്മിഷന്‍ അറിയിച്ചു. സ്‌കൂളിലെ പ്രവേശന രജിസ്റ്ററിന്റെ പകര്‍പ്പ് പോലുള്ളവ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ വ്യക്തിപരമായ വിവരങ്ങള്‍ എന്ന പേരില്‍ നല്‍കാതിരിക്കുന്നത് ശരിയല്ലെന്നും ഇത്തരം പ്രവണതകള്‍ ഉണ്ടാവാന്‍ പാടില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."