മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളെ പൊലിസ് പീഡിപ്പിച്ചതായി പരാതി
വടകര: കഴിഞ്ഞദിവസം ഓര്‍ക്കാട്ടേരിയില്‍ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ മോഷണക്കുറ്റം ആരോപിച്ച് രണ്ടു സ്ത്രീകളെ എടച്ചേരി പൊലിസ് മാനസികമായി പീഡിപ്പിച്ചതായി പരാതി. മാഹി പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ പാലക്കാട് രാമനാഥപുരം പുത്തൂര്‍ ഐശ്വര്യയില്‍ റീനാ ജോസഫ്, കണ്ണൂര്‍ കൂട്ടുപുഴ പെരട്ട ഇല്ലിക്കല്‍ ഷൈനി അഗസ്റ്റിന്‍ എന്നിവരാണ് എടച്ചേരി പൊലിസിനെതിരേ പരാതിയുമായി രംഗത്തെത്തിയത്.
ഓര്‍ക്കാട്ടേരിയില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ ധരിച്ച വസ്ത്രത്തിന്റെ നിറത്തിലുള്ള സാമ്യമാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ നാലാം തിയതി രാവിലെ 11ന് മാഹി പാലത്തിനു സമീപമുള്ള പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ രണ്ടു പൊലിസുകാര്‍ എത്തി പേരും വിവരങ്ങളും അന്വേഷിച്ച് തങ്ങളുടെ ഐ.ഡി കാര്‍ഡുകളുടെ കോപ്പി വാങ്ങിക്കുകയും മൊബൈല്‍ നമ്പര്‍ വാങ്ങിയ ശേഷം ബാഗുകള്‍ അടക്കം പരിശോധിച്ച് ഫോട്ടോ എടുത്ത് പോകുകയായിരുന്നെന്ന് റീന ജോസഫ് വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇവര്‍ പോയതിനു ശേഷം മാഹി എമ്പയര്‍ ഹോട്ടലില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ എടച്ചേരി പൊലിസ് സ്റ്റേഷനില്‍ നിന്നാണെന്നു പറഞ്ഞ് തന്നെ ഫോണില്‍ വിളിച്ച് സ്റ്റേഷനില്‍ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്റ്റേഷനിലേക്കുള്ള വഴി അറിയാത്ത ഞങ്ങള്‍ ഹോട്ടലില്‍നിന്ന് ഇറങ്ങുമ്പോള്‍തന്നെ പൊലിസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ ആളുകളുടെ മുന്നില്‍വച്ച് കുറ്റവാളികളോട് പെരുമാറുന്നത് പോലെ ജീപ്പില്‍ കയറ്റിക്കൊണ്ടു പോയതായും ഇവര്‍ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് ആറുവരെ കുടിവെള്ളം പോലും നല്‍കാതെ നിരപരാധികളായ ഞങ്ങളെ ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് റീന ആരോപിച്ചു. കൂടാതെ തങ്ങളുടെ വീടുകളിലും മാല മോഷ്ടിച്ചുവെന്ന വിവരം അറിയിച്ച ശേഷം വൈകിട്ട് ആറരയോടെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. യാതൊരു തെറ്റും ചെയ്യാത്ത പൊതുപ്രവര്‍ത്തകരായ തങ്ങളെ പൊതുജനങ്ങളുടെയും മറ്റും മുന്‍പാകെ അപമാനിച്ചതായും ഇക്കാര്യത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയതായും അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി, വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, ഡി.ജി.പി, പൊലിസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്കു പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."