ആശ്വാസത്തിന്റെ സന്ദേശവുമായി ഹോം ഓഫ് ലവില്‍ കുട്ടികള്‍ ആടിയും പാടിയും നന്മയുടെ പകല്‍
കോഴിക്കോട്: വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലില്‍ സമാശ്വാസത്തിന്റെ സന്ദേശവുമായി കുട്ടികള്‍ വിരുന്നെത്തി. പുതുതലമുറ വയോജനങ്ങളെ ഉപേക്ഷിക്കുന്നുവെന്ന പരാതികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ വയോധികര്‍ക്കു സ്‌നേഹം വിളമ്പുകയായിരുന്നു വിദ്യാര്‍ഥികള്‍. ഹോം ഓഫ് ലവിലെ അനാഥരായ അന്തേവാസികളെ കാണാന്‍ ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണെത്തിയത്.
ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹത്തിലെ ജീവിത യാഥാര്‍ഥ്യങ്ങള്‍ അനുഭവപാഠമാക്കുന്നതിന്റെ ഭാഗമായാണു കുട്ടികള്‍ ഹോം ഓഫ് ലവിലെത്തിയത്. അധ്യാപകരും വിദ്യാര്‍ഥികളും അന്തേവാസികളും ചേര്‍ന്നു കലാപരിപാടികള്‍ അവതരിപ്പിച്ചു. 90 വയോധികരടക്കം നൂറിലധികം പേര്‍ താമസിക്കുന്ന സ്‌നേഹാലയത്തിലേക്ക് വിദ്യാര്‍ഥികള്‍ ഭക്ഷ്യവസ്തുക്കളും ശുചീകരണ സാമഗ്രികളും നല്‍കി. അന്തേവാസികള്‍ക്കുള്ള ഒരുദിവസത്തെ ഭക്ഷണവും വിദ്യാര്‍ഥികളുടെ വകയായി.
സാമൂഹ്യശാസ്ത്രം കണ്‍വീനര്‍ എന്‍. ബഷീര്‍ മാസ്റ്റര്‍, ടി. മനോജ് കുമാര്‍, ഫാദര്‍ ആന്റണി കൊടുനാന്‍, സിസ്റ്റര്‍ ജിന്‍സി, സിസ്റ്റര്‍ ജോസ് മറിയ, മഞ്ജുള, ജിഷ വിനോദ്, എം.ടി ദീപ, ക്ലാസ് ലീഡര്‍ ഷില്‍ക്ക, കനിഹ, അന്തേവാസി ഗീത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."