മണലാരണ്യത്തില്‍ അന്‍ഷാദിന്റെ 'ആടുജീവിതത്തിന്' രണ്ട് വര്‍ഷം; ഒടുവില്‍ സുമനസ്സുകളുടെ കനിവില്‍ സ്വപ്‌നങ്ങളും പേറി തിരികേ കുടുംബത്തിലേക്ക്
റിയാദ്:നാട്ടുകാരനായ വിസ ഏജന്റിന്റെ ചതിയില്‍പെട്ട് മരുഭൂമിയിലെ ദുരിതജീവിതത്തിനൊടുവില്‍ സാഹസികമായി രക്ഷപ്പെടുത്തിയ മലയാളി യുവാവ് തിരികേ നാട്ടിലെത്തി. അമ്പലപ്പുഴ കാക്കാഴം പുതുവല്‍ അന്‍ഷാദ് എംബസിയുടെയം സാമൂഹ്യ പ്രവര്‍ത്തകരുടെയും കാരുണ്യത്തില്‍ തിരികേ നാട്ടിലെത്തിയത്. ബെന്യാമിന്റെ പ്രസിദ്ധ നോവലായ ആടുജീവിതത്തിന് സമാനമായ ദുരിതപര്‍വങ്ങള്‍ താണ്ടിയാണ് അന്‍ഷാദ് കുടുംബത്തിന്റെ സംരക്ഷണയിലേക്ക് മടങ്ങിയെത്തിയത്.
ആടുകളും ഒട്ടകകങ്ങളുമായി മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന യുവാവിന് കൃത്യമായ ശമ്പളം നല്കുവാനോ ആവശ്യമായ ഭക്ഷണം നല്‍കുവാനോ പോലും സ്പോണ്‍സര്‍ തയ്യാറായിരുന്നില്ല. വിശക്കുമ്പോള്‍ ഭക്ഷണമായി ലഭിച്ചിരുന്നത് വെള്ളവും മൈദ കൊണ്ടുള്ള റൊട്ടിയും മാത്രമായിരുന്നു. ഇതിനെല്ലാം പുറമെ സ്പോണ്‍സറുടെയും മകന്റെയും കൊടിയ ക്രൂര പീഡനവും നേരിടേണ്ടി വന്നു. രണ്ടു വര്‍ഷത്തിനിടെ വീട്ടിലേക്ക് വിളിച്ചത് രണ്ടു തവണ മാത്രമായിരുന്നു. മരുഭൂമിയില്‍ കണ്ടുമുട്ടിയ മറ്റു ചില ആട്ടിടയന്മാരുടെ മൊബൈലുകളില്‍ നിന്നാണ് നാട്ടിലേക്ക് വിളിക്കാനായത്. ഈ ദുരിതക്കയത്തില്‍ നിന്നാണ് യുവാവ് ഇപ്പോള്‍ മോചിതമായിരിക്കുന്നത്.
2017 ഒക്ടോബര്‍ 18ന് റിയാദിലെത്തിയ ഇദ്ദേഹത്തെ നേരെ സ്പോണ്‍സര്‍ കൊണ്ടെത്തിച്ചത് മരുഭൂമിയിലെ ആട്ടിന്‍ കൂട്ടത്തിലേക്കായിരുന്നു. വിമാനത്താവളത്തില്‍ നിന്നും 350 കിലോമീറ്റര്‍ അകലെ സാജിറിലെ മരുഭൂമിയിലേക്കായിരുന്നു എത്തിച്ചത്. ആടുജീവിതത്തെ കുറിച്ച് കേട്ടറിവുള്ളതിനാല്‍ വാഹനം മരുഭൂമിയിലേക്ക് തിരിഞ്ഞതും അന്‍ഷാദ് ബഹളം വെച്ചു. എതിര്‍ത്തുനിന്നപ്പോള്‍ മുഖത്ത് അടിച്ച് മരുഭൂമിയിലെ തമ്പില്‍ കൊണ്ടുചെന്നാക്കി. അന്ന് അവിടെ ഒരു സുഡാനി ജോലിക്കാരന്‍ കൂടിയുണ്ടായിരുന്നു. അയാളോടൊപ്പം ഒട്ടകങ്ങളും ആടുകളുമായി മരുഭൂമിയില്‍ അലയലായിരുന്നു പിന്നീട് ജോലി. പിന്നീട് ഒറ്റക്കായപ്പോള്‍ അറ്റം കാണാത്ത മരുഭൂമിയില്‍ നിന്നും നിരവധി തവണ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
ഇതിനിടെ രണ്ടു മാസം മുമ്പ് ഒരു രാത്രിയില്‍ അറാറില്‍നിന്ന് തിരിച്ചുള്ള യാത്രക്കിടയില്‍ തമ്പില്‍നിന്ന് ഇറങ്ങിയോടി 90 കിേലാമീറ്റര്‍ നടന്ന് മൂന്നു ദിവസം കൊണ്ട് സമൂദ എന്ന സ്ഥലത്തെത്തി. വഴിയില്‍ നിന്ന് ഒരു സഊദി പൗരന്‍ ട്രക്കില്‍ കയറ്റി സമൂദ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സംഭവം കേട്ട പോലീസ് സ്‌പോണ്‍സറെ വിളിച്ചുവരുത്തി പരിഹാരത്തിന് ശ്രമം നടത്തി. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ശമ്പള കുടിശ്ശിക മുഴുവന്‍ കൊടുത്തുതീര്‍ത്ത് എക്‌സിറ്റ് അടിച്ച് നാട്ടില്‍ വിടാമെന്ന് പൊലീസിന് എഴുതി നല്‍കി യുവാവിനെയും കൊണ്ട് സ്പോണ്‍സര്‍ യുവാവിനെ വീണ്ടും കൊണ്ട് പോകുകയായിരുന്നു. എന്നാല്‍, വിധി തിരിച്ചായിരുന്നു. സ്പോണ്‍സറുടെ സമീപനത്തില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല.
ഒടുവില്‍ ഹഫര്‍ അല്‍ബാത്വിനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് കൊല്ലം റോയല്‍ ട്രാവല്‍സ് സഊദി പ്രതിനിധി മുജീബ് ഉപ്പട എന്നിവര്‍ വഴി യുവാവിനെ കണ്ടെത്താന്‍ നടത്തിയ ശ്രമമാണ് വിജയം കണ്ടത്. ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിങ് ഉദ്യോഗസ്ഥന്‍ ഷറഫുദ്ദീന്‍ ഇതിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കി. എംബസി അധികാരപത്രം നല്‍കിയതിന് പുറമെ സമൂദ പൊലീസ് സ്റ്റേഷനിലേക്കും അവിടെയുള്ള ലേബര്‍ ഓഫീസുകളിലേക്കും കത്തുകളും അയച്ചു. തുടര്‍ന്ന് നൗഷാദും മുജീബും കൂടി കഴിഞ്ഞദിവസം സമൂദയിലെത്തി അവിടെ ബഖാലയില്‍ ജോലി ചെയ്യുന്ന അമ്പലപ്പുഴ സ്വദേശി ജബ്ബാറിന്റെ സഹായത്തോടെ പൊലീസ് സ്റ്റേഷനെ സമീപിച്ച് യുവാവിനെ കണ്ടെത്താന്‍ സഹായം തേടുകയായിരുന്നു.
പൊലീസ് രണ്ട് വാഹനങ്ങളിലായി മരുഭൂമിയിലേക്ക് പോയി സ്പോണ്‍സറെ കസ്റ്റഡിയിലെടുക്കുകയും യുവാവിനെ തമ്പില്‍നിന്ന് കണ്ടെത്തി കൊണ്ടുവരുകയും ചെയ്തു. മുഴുവന്‍ ശമ്പളവും എക്‌സിറ്റ് വിസയും വിമാന ടിക്കറ്റും നല്‍കി നാട്ടിലയക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കയ്യില്‍ പണമില്ലെന്നും ഒട്ടകത്തെ വിറ്റു കിട്ടിയാല്‍ പണം നല്‍കാമെന്നും പറഞ്ഞതോടെ സ്പോണ്‍സറെ പോലീസ് ലോക്കപ്പില്‍ അടക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ മകന്‍ 24700 റിയാല്‍ പോലീസില്‍ ഏല്‍പ്പിച്ചു ഇഖാമ പുതുക്കി ഓരാഴ്ചക്കകം എക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാമെന്ന് എഴുതി നല്‍കുകയും ചെയ്തു. യുവാവിനെ പോലീസ് അവരോടൊപ്പം വിടാതെ സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം റിയാദിലേക്ക് അയക്കുകയൂം ചെയ്യുകയായിരുന്നു.
അന്‍ഷാദിന് കിട്ടാനുള്ള മുഴുവന്‍ ശമ്പളവും വാങ്ങി നല്‍കിയാണ് നാട്ടിലേക്കയച്ചത്. നവംബര്‍ 19 ന് മോചിതനായ അന്‍ഷാദ് റിയാദിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ആയിരുന്നു. അന്‍ഷാദിനുള്ള വിമാന ടിക്കറ്റ് റിയാദിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആണ് നല്‍കിയത്. ആദ്യം മുതല്‍ തന്നെ സഹായിച്ച സിയാദ് കാക്കാഴം, നാട്ടിലെ കോണ്‍ഗ്രസ് പ്രവത്തകന്‍ യു.എം കബീര്‍, ഹബീബ് തയ്യില്‍, ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജനല്‍ പ്രസിഡന്റ് ഇല്‍യാസ് തിരൂര്‍, അന്‍സില്‍ മൗലവി, അന്‍സാര്‍ ആലപ്പുഴ, മുനീബ് പാഴൂര്‍, മെഹിനുദ്ദീന്‍ മലപ്പുറം, ഷറഫുദ്ദീന്‍ മണര്‍കാട്, ജബ്ബാര്‍, മുജീബ് ഉപ്പട, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, നാട്ടില്‍നിന്നു പ്രവര്‍ത്തിച്ച ഇബ്രാഹീം വണ്ടാനം, പഞ്ചായത്ത് മെമ്പര്‍ ഷീജാ നൗഷാദ് എന്നിവര്‍ക്ക് നന്ദി പറഞ്ഞാണ് അന്‍ഷാദ് നാട്ടിലേക്ക് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."