സ്വീകരിക്കാന്‍ പ്രതിനിധികളില്ല: വിമാനത്താവളത്തില്‍ ബധിര കായികതാരങ്ങളുടെ പ്രതിഷേധം
ന്യൂഡല്‍ഹി: തുര്‍ക്കിയില്‍ സാംസനില്‍ നടന്ന ബധിരരുടെ ഒളിംപിക്സില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനോട് അധികൃതര്‍ക്ക് അവഗണന. ടീമംഗങ്ങളെ സ്വീകരിക്കാന്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യില്‍ നിന്ന് ഒരു ഒഫീഷ്യല്‍ പോലും എത്തിയില്ല. അതേസമയം ബധിരതാരങ്ങള് വിമാനത്താവളത്തിനകത്ത് ഇതിനെതിരേ ശക്തമായി പ്രതിഷേധിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
അധികൃതര്‍ എത്താതെ വിമാനത്താവളത്തില്‍ നിന്ന് തങ്ങള്‍ പുറത്തുപോവില്ലെന്ന് ടീം അറിയിച്ചു. പുലര്‍ച്ചെ അഞ്ചു മണിക്കാണ് ഇവരുടെ വിമാനം ഡല്‍ഹിയിലെത്തിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ അഞ്ചു മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. ഗുസ്തിയില്‍ സ്വര്‍ണവും വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. ടെന്നീസിലും ഗോള്‍ഫിലും വെങ്കലവും വെള്ളിയും ലഭിച്ചു.
46 അത്ലറ്റുകളും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമടങ്ങുന്ന ടീം മെഡല്‍ നേട്ടം കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനെ അറിയിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് താരങ്ങള്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്.
ബധിര ഒളിംപിക്സിലെ 74 കിലോ ഗുസ്തിയില്‍ വീരേന്ദര്‍ സിങ് സ്വര്‍ണവും 97, 65 കിലോ വിഭാഗത്തില്‍ അജയ് കുമാറും സുമിത് ദാഹിയയും വെങ്കലം നേടിയിരുന്നു. വനിതാ വിഭാഗം ഗോള്‍ഫില്‍ ദീക്ഷ സാഗര്‍ വെള്ളിയും പ്രിഥ്വി ശേഖര്‍, ജാഫ്രീന് ഷെയ്ക് എന്നിവര്‍ പുരുഷ വിഭാഗം ടെന്നീസ് ഡബിള്‍സില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."