ടെസ്റ്റ് റാങ്കിങ്: അശ്വിനും ധവാനും മുന്നേറ്റം ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി
ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വമ്പന്‍ മുന്നേറ്റം. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേടിയ വമ്പന്‍ ജയമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം സമ്മാനിച്ചത്. ബൗളര്‍മാരുടെ പട്ടികയില്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം മറ്റൊരു സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ശ്രീലങ്കന്‍ സ്പിന്നര്‍ രംഗണ ഹെറാത്തിനെ മറികടന്നാണ് അശ്വിന്റെ മുന്നേറ്റം. ഹെറാത്ത് മൂന്നാം സ്ഥാനത്തേക്ക് വീണു. വിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഹെറാത്ത് രണ്ടാം മത്സരത്തില്‍ കളിക്കാതിരുന്നാല്‍ അശ്വിന് പോയിന്റ് നില വര്‍ധിപ്പിക്കാന്‍ സാധിക്കും.
ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ചേതേശ്വര്‍ പുജാര നാലാം സ്ഥാനത്ത് തുടരുകയാണ്. ഓപണിങ് താരം ശിഖര്‍ ധവാനാണ് പട്ടികയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ താരം. 21 സ്ഥാനം മെച്ചപ്പെടുത്തിയ ധവാന്‍ 39ാം റാങ്കിലേക്കുയര്‍ന്നു. ശ്രീലങ്കയ്‌ക്കെതിരേ 190 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായതാണ് ധവാന് ഗുണകരമായത്.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിനും ജഡേജയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസനാണ് പട്ടികയില്‍ ഒന്നാമത്. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ 941 പോയിന്റോടെ ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ബാറ്റ്‌സ്മാന്‍മാരുടെയും ബൗളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും റാങ്കിങില്‍ വമ്പന്‍ നേട്ടമുണ്ടാക്കി. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ 12 സ്ഥാനം മെച്ചപ്പെടുത്തി സ്റ്റോക്‌സ് 25ാം സ്ഥാനത്തേക്കുയര്‍ന്നു. ബൗളര്‍മാരില്‍ 19ാമതും ഓള്‍റൗണ്ടര്‍മാരില്‍ അഞ്ചാം സ്ഥാനത്തുമാണ് സ്റ്റോക്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."