നിരീക്ഷകര്‍ വെറും കാഴ്ചക്കാരല്ല കേന്ദ്രം നല്‍കിയത് വിപുലമായ അധികാരം
തിരുവനന്തപുരം: വിപുലമായ അധികാരങ്ങള്‍ ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷകര്‍ സ്ഥാപിത താല്‍പര്യക്കാരായി മാറുന്നു. സ്വതന്ത്രവും സുതാര്യവുമായ ടീം സെലക്ഷന്‍ ഉറപ്പു വരുത്തേണ്ടവര്‍ ഫെഡറേഷനുകളുടെ താളത്തിനൊത്ത് തുള്ളിയാല്‍ രാജ്യത്തെ കായിക രംഗം എങ്ങനെ രക്ഷപ്പെടും. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഏഷ്യന്‍ ചാംപ്യന്‍മാരായ പി.യു ചിത്രയും അജയകുമാര്‍ സരോജും തഴയപ്പെടുമ്പോള്‍ കായിക മേഖലയിലെ നിരീക്ഷകര്‍ സംശയനിഴലിലാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബിംബങ്ങളായി സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനം നടത്തേണ്ടവരാണ് നിരീക്ഷകര്‍. വിപുലമായ ചുമതലകളാണ് നിരീക്ഷകരുടേത്. സെലക്ഷന്‍ കമ്മിറ്റികളുടെ തീരുമാനങ്ങള്‍ മൂന്ന് ദിവസത്തിനകം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണ്ടേത് നിരീക്ഷകരാണ്. ദേശീയ കോച്ചിങ് ക്യാംപുകളില്‍ എത്തി താരങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സൗകര്യങ്ങളും ശാസ്ത്രീയമായ സഹായങ്ങളും ആരോഗ്യരക്ഷക്കുള്ള സൗകര്യങ്ങളും പരിശോധന നടത്തി ഉറപ്പു വരുത്തേണ്ടതും നിരീക്ഷകരാണ്. പരിശീലകരുടെയും ക്യാംപിലുള്ള താരങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. കായിക താരങ്ങളുടെ പരാതികള്‍ കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറേണ്ട ചുമതലക്കാരും നിരീക്ഷകരാണ്. നിരീക്ഷകരുടെ നിയമനം കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്.
രാജ്യത്തെ 12 പ്രമുഖ താരങ്ങളാണ് നിരീക്ഷകരായി നിയോഗിക്കപ്പെട്ടത്. നിരീക്ഷകര്‍ക്ക് പ്രതിമാസ പ്രതിഫലം നല്‍കുന്നത് 75,000 രൂപയാണ്. അര്‍ഹതയുള്ള സമയങ്ങളില്‍ കേന്ദ്ര കായിക മന്ത്രിയുടെ അനുവാദത്തോടെ കൂടുതല്‍ പ്രതിഫലവും ലഭിക്കും. താല്‍ക്കാലികമായി പ്രവര്‍ത്തിച്ചാല്‍ പ്രതിദിനം 5000 രൂപ ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഓഫിസര്‍ തസ്തികയിലെ യാത്രാ ബത്തയും ദിനബത്തകളും നല്‍കുന്നുണ്ട്. നിരീക്ഷകരുടെ കാലാവധി രണ്ടു വര്‍ഷമാണ്. നിരീക്ഷക പദവിയില്‍ നാലുവര്‍ഷത്തില്‍ കൂടുതല്‍ തുടരാനാവില്ല. നിരീക്ഷക സ്ഥാനത്തേക്ക് പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്. 30 - 70 നും മധ്യേ പ്രായം. കായിക അക്കാദമി സ്വന്തമായി നടത്തുന്നത് അയോഗ്യതയല്ല. തന്റെ പരിശീലനത്തിന് കീഴിലുള്ള താരത്തെ തിരഞ്ഞെടുക്കുന്ന സമയത്ത് സെലക്ഷന്‍ നടപടിക്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് മാത്രം.
ഒളിംപ്യന്‍മാരായ പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജുമാണ് അത്‌ലറ്റിക്‌സിലെ നിരീക്ഷകര്‍. ഐ.എം വിജയന്‍ ഫുട്‌ബോള്‍ നിരീക്ഷകനാണ്. സഞ്ജീവ് കുമാര്‍ സിങ് ( അമ്പെയ്ത്ത്), അപര്‍ണ പോപട്ട് ( ബാഡ്മിന്റണ്‍), എം.സി മേരികോം, അഖില്‍ കുമാര്‍ (ബോക്‌സിങ്), ജഗ്ബീര്‍ സിങ് (ഹോക്കി), സോംദേവ് ദേവ്‌വര്‍മന്‍ (ടെന്നിസ്), കര്‍ണം മല്ലേശ്വരി (ഭാരോദ്വഹനം), സുശീല്‍ കുമാര്‍ (ഗുസ്തി), ഖസാന്‍ സിങ് (നീന്തല്‍), കമലേഷ് മേത്ത (ടേബിള്‍ ടെന്നിസ്) എന്നിവരാണ് മറ്റു നിരീക്ഷകര്‍. കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രാലയമാണ് ഇവരുടെ നിയമനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."