ലാലൂരിനെ വീണ്ടും മാലിന്യത്തിന്റെ നാടാക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്ന് അനില്‍ അക്കര
വടക്കാഞ്ചേരി: മാലിന്യത്തില്‍ നിന്നും മോചനം ലഭിച്ച ലാലൂരില്‍ തൃശൂര്‍ കോര്‍പ്പറേഷനിലേയും സമീപ പഞ്ചായത്തുകളിലേയും മാലിന്യം കൊണ്ടു വന്ന് സംസ്‌കരണപ്ലാന്റ് സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി പ്രായോഗികമല്ലെന്ന് അനില്‍ അക്കര എം.എല്‍.എ.
നിലവില്‍ നഗരസഭകളും ഗ്രാമപഞ്ചായത്തുകളും അവരുടെ ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കുന്ന രീതിക്കു പകരം സര്‍ക്കാര്‍ നേരിട്ടു സംസ്ഥാനത്തെ മൂന്നു ജില്ലകള്‍ക്കായി ഓരോ കേന്ദ്രങ്ങള്‍ വീതം ആറു കേന്ദ്രങ്ങളില്‍ സംസ്‌കരണപ്ലാന്റ് തുടങ്ങാനുള്ള ബില്ലില്‍ എം.എല്‍.എ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
10 വര്‍ഷങ്ങള്‍ക്കു മുന്‍പാണു നിരവധി സമരങ്ങള്‍ക്കൊടുവില്‍ തൃശൂരിലെ ലാലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചു പൂട്ടിയത്. ഇവിടെ മാലിന്യ സംസ്‌കരണത്തിന് പകരം ജൈവ കൃഷിയും അന്താരാഷ്ട്ര സ്റ്റേഡിയവും ആരംഭിക്കുമെന്നാണ് സ്ഥലം എം.എല്‍.എ കൂടിയായ കൃഷി വകുപ്പുമന്ത്രി വി.എസ് സുനില്‍കുമാര്‍ പൊതുജനങ്ങളെ അറിയിച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിച്ചു തൃശൂരിലേയും പരിസര പഞ്ചായത്തുകളിലേയും നഗരസഭകളിലേയും മാലിന്യം ഇവിടെ സംസ്‌കരിച്ചു വൈദ്യുതിയുണ്ടാക്കി അങ്ങനെയുണ്ടാക്കുന്ന വൈദ്യുതി ആ പ്രദേശത്തു തന്നെ വിതരണം ചെയ്യുമെന്നു മന്ത്രി എ.സി മൊയ്തീന്‍ നിയമസഭയെ അറിയിച്ചു.
എന്നാല്‍ സുപ്രിം കോടതിയുടെ ഉത്തരവുണ്ടായിട്ടു പോലും സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ ഈ പദ്ധതി പ്രായോഗികമല്ലെന്ന് അനില്‍ അക്കര എം.എല്‍.എ കുറ്റപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല പദ്ധതികളും നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതെ ഭരണപക്ഷം അന്നു പ്രതിപക്ഷത്തിരുന്ന് പദ്ധതികള്‍ തടയുകയായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യതയാണ് പലപ്പോഴും മാലിന്യ സംസ്‌കരണ പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഇപ്പോള്‍ ഭരണപക്ഷത്തിരിക്കുന്ന സി.പി.എം നാളെ പ്രതിപക്ഷത്തായാല്‍ ഈ പദ്ധതിയെ തന്നെ എതിര്‍ക്കുമെന്ന് അനില്‍ അക്കര എം.എല്‍.എ നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."