പരീക്ഷക്ക് അപേക്ഷിച്ച് എഴുതാതെ നടക്കുന്ന ശീലം ഇനി വേണ്ട, ഇത്തരക്കാരുടെ പ്രൊഫൈല്‍ തന്നെ ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങി പി.എസ്.സി
തിരുവനന്തപുരം: പി.എസ്.സിയുടെ വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കുകയും കണ്‍ഫര്‍മേഷന്‍ നല്‍കുകയും ചെയ്ത ശേഷം എഴുതാതെ മുങ്ങുന്നവരെ പിടിക്കാന്‍ കടുത്ത തീരുമാനവുമായി കേരള പി.എസ്.സി. കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം പരീക്ഷ എഴുതാതെ ഉഴപ്പിയാല്‍ അപേക്ഷകരുടെ പ്രൊഫൈല്‍ തന്നെ ബ്ലോക്ക് ചെയ്യുമെന്നാണ് പി.എസ്.സിയുടെ മുന്നറിയിപ്പ്.
നവംബര്‍ മുതല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അറിയിപ്പ് നല്‍കിയിട്ടുള്ള പരീക്ഷകള്‍ക്ക് പുതിയ മാനദണ്ഡം ബാധകമാക്കിയിട്ടുണ്ട്. പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചാല്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കാണാം. ഇതോടെ അടുത്തവര്‍ഷം മുതല്‍ എഴുതുമെന്ന് ഉറപ്പില്ലാത്ത പരീക്ഷകള്‍ക്കൊന്നും ചാടിക്കയറി ആരും കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടതില്ല.
പരീക്ഷക്ക് അപേക്ഷിക്കുകയും പിന്നീട് കണ്‍ഫര്‍മേഷന്‍ നല്‍കുകയും ചെയ്ത ശേഷം നിരവധി പേര്‍ പരീക്ഷ എഴുതാതെ പോകുന്നത് പി.എസ്.സിക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കര്‍ശന നടപടിക്ക് അധികൃതര്‍ തുനിഞ്ഞിരിക്കുന്നത്.
അതേസമയം പ്രതികൂല ആരോഗ്യസാഹചര്യങ്ങള്‍ മൂലം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ ബ്ലോക്കാവുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങളും പി.എസ്.സി പറയുന്നുണ്ട്. ആവശ്യമായ രേഖകള്‍ പ്രകാരം പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നിശ്ചിത രേഖകള്‍ സഹിതം ഇത്തരത്തിലുള്ളവര്‍ പി.എസ്.സി പരീക്ഷാ കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കണം. ഇത് പരിശോധിച്ച് ന്യായമായ കാരണമാണെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയില്‍ നിന്നും പുറത്താക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."